banner

ഐതിഹാസിക വിജയത്തിന് 21 വയസ്; ഇന്ന് കാര്‍ഗില്‍ വിജയദിനം


ന്യൂഡല്‍ഹി : അതിര്‍ത്തി കടന്നെത്തിയ ശത്രുവിനെ തുരത്തിയ ധീരതയ്ക്ക് 21 വയസ്സ്,കാര്‍ഗിലില്‍ മൂന്ന് മാസം നീണ്ട പോരാട്ടത്തില്‍ പാകിസ്ഥാന്‍ എന്ന 
അയലത്തെ ശത്രുവിനെ ഇന്ത്യ പരാജയപെടുത്തുകയായിരുന്നു.

ശത്രുവിനെ തുരത്തി ഇന്ത്യ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയപ്പോള്‍ ജീവന്‍ നഷ്ടമായത് 527 ധീര സൈനികര്‍ക്കാണ്.

1999 ലെ കൊടും തണുപ്പില്‍ ഇന്ത്യ സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി,പാകിസ്ഥാന്‍ സൈനിക മേധാവി പര്‍വേസ് മുഷറഫിന്റെ 
ഉത്തരവ് അനുസരിച്ച് പാകിസ്ഥാന്‍ സൈനികര്‍ ഭീകര വാദികളുടെ വേഷത്തിലാണ് കാര്‍ഗിലിലെ തന്ത്ര പ്രധാന മേഖലകളില്‍ നുഴഞ്ഞ്കയറിയത്.

പാക് സൈന്യം ചരിത്രത്തിലെ സമാനതകള്‍ ഇല്ലാത്ത ഈ കൊടും ചതിക്ക് നല്‍കിയ പേര് ഓപ്പറേഷന്‍ ബാദര്‍ എന്നാണ്.

നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രു കൈവശപെടുത്തി,ആട്ടിടയന്‍ മാരാണ് ശത്രുവിന്‍റെ സാനിധ്യം ഇന്ത്യന്‍ സൈന്യത്തെ അറിയിച്ചത്.

അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറിയെത്തിയ ശത്രുവിന് മറുപടി നല്‍കാന്‍ തന്നെ ഇന്ത്യ തീരുമാനിച്ചു,ഓപ്പറേഷന്‍ വിജയ്‌ എന്ന് പേരിട്ട് സൈനിക 
നടപടി ആരംഭിക്കുകയും ചെയ്തു. യുദ്ധത്തിനും സൈനിക നടപടിക്കും യോജിക്കാത്ത ഭൂ പ്രകൃതിയും കാലാവസ്ഥയും ഇന്ത്യന്‍ സൈനികരുടെ
മനോ വീര്യത്തിന് മുന്നില്‍ വഴി മാറി,

ജൂണ്‍ 19 ന് ടോലോലിങ്ങിലെ ആക്രമണത്തില്‍ തുടങ്ങി ജൂലായ്‌ നാലിലെ ടൈഗര്‍ ഹില്‍സിന് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നത് വരെ 
ഇന്ത്യന്‍ സൈനികര്‍ പ്രകടിപ്പിച്ചത് ചങ്കുറപ്പുള്ള വീരന്‍ മാരുടെ സമാനതകളില്ലാത്ത പോരാട്ടവീര്യമാണ്,

ഇന്ത്യന്‍ സൈനികരുടെ ധീരതയ്ക്ക് മുന്നില്‍ പാകിസ്ഥാന്‍ കീഴടങ്ങുകയായിരുന്നു,ജൂലായ്‌ 14 ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി 
കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചതായി പ്രഖ്യാപിച്ചു,ജൂലായ്‌ 26 നാണ് യുദ്ധം അവസാനിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

കര-നാവിക-വ്യോമ സേനകള്‍ സംയുക്തമായി നടത്തിയ നീക്കം ഇന്ത്യയുടെ സൈനിക ശക്തി വിളിച്ചോതി,നുഴഞ്ഞ് കയറിയെത്തിയ പാക്കിസ്ഥാന്‍ സൈനികരെ 
കരസേന രംഗത്തിറങ്ങിയപ്പോള്‍ ഓപ്പറേഷന്‍ തല്‍വാര്‍ എന്ന് പേരിട്ട സൈനിക നടപടിയുമായി നാവിക സേനയുമെത്തി,നാവികസേനയാകട്ടെ പാക് തുറമുഖങ്ങള്‍ 
ഉപരോധിക്കുകയായിരുന്നു,വ്യോമസേന ഓപ്പറേഷന്‍ സഫേദ് സാഗര്‍ എന്ന പേരില്‍ പാര്‍വത മുകളില്‍ നിലയുറപ്പിച്ച പാകിസ്ഥാന്‍ സൈനികര്‍ക്കെതിരെ രംഗത്ത് വന്നു.
വ്യോമസേന വേണ്ടി വന്നാല്‍ പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നതിന് തയ്യാറായിരുന്നു,എന്നാല്‍ നിയന്ത്രണ രേഖ കടന്ന് ആക്രമണം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ 
കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു,

നുഴഞ്ഞ് കയറി കാര്‍ഗില്‍ മലനിരകളില്‍ നിലയുറപ്പിച്ച പാക്കിസ്ഥാന്‍ സൈനികര്‍ ലക്ഷ്യമിട്ടത് ശ്രീനഗര്‍ വിമാനത്താവളം ആയിരുന്നു.ഇന്ത്യന്‍ സൈനികര്‍ ധീരമായി 
പോരാടി നേടിയ വിജയം രാജ്യത്തിന്‍റെ പോരാട്ട ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്,ജീവന്‍ ബലി നല്‍കിയ ധീര സൈനികരുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് 
മുന്നില്‍ രാജ്യം ശിരസ് നമിക്കുകയാണ്.ധൈര്യം കവചമാക്കി പോരാട്ടവീര്യം കൈമുതലാക്കി ഇന്ത്യന്‍ സൈനികര്‍ പോരാടി നേടിയത് സമാനതകള്‍ ഇല്ലാത്ത വിജയം.

Post a Comment

0 Comments