banner

വെള്ളത്തിൽ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ മലയാളി യുവാവ് കാനഡയിൽ മുങ്ങി മരിച്ചു

കാനഡയില്‍ കെഎംസിസി പ്രവര്‍ത്തകനും കാസര്‍കോട് സ്വദേശിയുമായ യുവാവ് മുങ്ങി മരിച്ചു. ആല്‍ബെര്‍ട പ്രോവിന്‍സിലെ എഡ്മണ്ടന്‍ സിറ്റിക്കടുത്തുള്ള നോര്‍തേണ്‍ ആല്‍ബെര്‍ട സിറ്റി ലേകില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോടിങ്ങിനിറങ്ങിയ കാഞ്ഞങ്ങാട് കൊവ്വല്‍പ്പള്ളിയിലെ മുഹ് മദ് ഖാസിം ഹാജിയുടെ മകന്‍ ഉവൈസ് മുഹ് മദ് ഖാസിം (32) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കൂടെ തടാകത്തില്‍ വീണ കുട്ടികളെ രക്ഷപ്പെടുത്താന്‍ ഉവൈസിനും ദൃക്സാക്ഷികള്‍ക്കും കഴിഞ്ഞെങ്കിലും ഉവൈസ് മുങ്ങിപ്പോവുകയായിരുന്നു. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച മുതല്‍ നടന്ന തിരച്ചില്‍ രാത്രിയോടെ നിര്‍ത്തിച്ചു. തുടര്‍ന്ന് ഞായറാഴ്ച പുനഃരാരംഭിച്ച തെരച്ചിലിനൊടുവില്‍ ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ആല്‍ബെര്‍ട ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ്, ആല്‍ബെര്‍ട പാര്‍കുകള്‍, റോയല്‍ കനേഡിയന്‍ മൗണ്ട് പൊലീസിന്റെ എയര്‍ സര്‍വീസുകളും സെര്‍ച് ആന്‍ഡ് റെസ്‌ക്യൂ ഡൈവേഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കെഎംസിസി കാനഡയുടെ പ്രവര്‍ത്തനങ്ങളിലും സമൂഹിക പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുണ്ടായിരുന്ന ഉവൈസ്. മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സുഹറ. വിവാഹമോചിതനാണ്. ഒരു മകനുണ്ട്, ഹാദി അഹ് മദ് (5). സഹോദരങ്ങള്‍: സഈദ, സുമയ്യ, ഉബയ്യ്, സാബിത്. ഖബറടക്കം കാനഡയില്‍ തന്നെ നടത്തുമെന്ന് പിതാവ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Post a Comment

0 Comments