കേരളം ഔദ്യോഗിക മരണസംഖ്യ പൂഴ്‌ത്തിവച്ചാണ് നേട്ടങ്ങള്‍ സ്വന്തമാക്കിയതെന്ന ആരോപണ നിഴലിലാണ് സര്‍ക്കാര്‍ ഇപ്പോൾ. നഷ്‌ടപരിഹാരം നല്‍കണമെന്നു സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തിൽ മരണക്കണക്കിന്റെ പുനഃപരിശോധന നടക്കുകയാണ്. കൊവിഡ് മരണം സ്‌ഥിരീകരിക്കുന്നതിന്റെ മാനദണ്ഡം നാളുകളായി ചോദ്യംചെയ്യപ്പെടുന്നുണ്ട്. പതിമൂവായിരത്തോളം മരണങ്ങള്‍ കൊവിഡ് പട്ടികയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന കാര്യം ശരിയാണെന്ന് തെളിഞ്ഞാൽ സർക്കാരിന്റെ കരുതൽ നിലപാടുകളൊക്കെ തകർന്നു വീഴും.
ലോക്ക്‌ഡൗണിന്റെ സമയങ്ങൾ നീളുമ്പോഴും കേരളത്തില്‍ ടി.പി.ആര്‍. പത്തില്‍നിന്നു താഴാത്തതാണ് ആരോഗ്യരംഗത്ത് ആശങ്ക പടര്‍ത്തുന്നത്. നിയന്ത്രണങ്ങള്‍ പാളിയെന്നും ഇളവുകളാണു രോഗവ്യാപനത്തിനു കാരണമെന്നും ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു. നേരത്തേ, ഐ.എം.എയടക്കം പറഞ്ഞിട്ടും ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്താന്‍ രണ്ടാഴ്‌ചയോളം വൈകിയതിനും നിയമസഭാ തെരഞ്ഞെടുപ്പ് ആഘോഷമാക്കിയതിനും കേരളം വലിയ വിലകൊടുക്കുകയാണെന്ന കാര്യത്തില്‍ എല്ലാവർക്കും ഒരേ അഭിപ്രായമാണ്.
തുടര്‍ച്ചയായ 15-ാം ദിവസവും രാജ്യത്തെ ടി.പി.ആര്‍. മൂന്നു ശതമാനത്തില്‍ താഴെയാണ്. കൊവിഡിന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ആക്ഷേപം കേട്ട മഹാരാഷ്‌ട്രയും യു.പിയും ഡല്‍ഹിയുമടക്കമുള്ള സംസ്‌ഥാനങ്ങളില്‍ സ്‌ഥിതി നിയന്ത്രണാധീനമാണ്. കൃത്യമായ വിലയിരുത്തലില്ലാതെ ലോക്ക്‌ഡൗണ്‍ പിന്‍വലിച്ചതും ജനം കൂട്ടത്തോടെ നിരത്തിലിറങ്ങിയതുമാണു രോഗവ്യാപനം തടയാന്‍ കഴിയാത്തതിനു കാരണമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടാംതരംഗം അവസാനിക്കുമ്പോള്‍ രോഗവ്യാപനത്തില്‍ കുറവ് ഉണ്ടാകാതെ കേരളത്തിൽ നേരിയതോതില്‍ വര്‍ധന വരുന്നത് മൂന്നാംതരംഗം ആരംഭിച്ചെന്ന സംശയത്തിനു കാരണമാകുന്നുണ്ട്. ഡല്‍ഹിയിലേക്കയച്ച സാമ്പിളുകളുടെ പരിശോധനാഫലം ലഭിച്ചതിനു ശേഷം മാത്രം മൂന്നാംതരംഗം സ്‌ഥിരീകരിച്ചാല്‍ മതിയെന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്.
0 Comments