ആലപ്പുഴ : ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങിത്തിരിച്ച് ഗര്‍ഭിണിയായപ്പോള്‍ കൊല്ലപ്പെട്ട പുന്നപ്ര സ്വദേശിനി അനിതയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിക്കാന്‍ എത്തിയത് സഹോദരന്‍ മാത്രം. അനിതയുടെ ഭര്‍ത്താവ് മൃതദേഹം കാണാനോ മക്കളെ കാണിക്കാനോ തയ്യാറായില്ല. സംസ്‌ക്കാരത്തിനായി കുട്ടികളെ ചാത്തനാട് ശ്മശാനത്തിലേക്ക് എത്തിക്കണമെന്ന് അറിയിച്ചെങ്കിലും ഭര്‍ത്താവ് തയ്യാറായില്ല. ഉപേക്ഷിച്ചു പോയവള്‍ക്ക് കര്‍മ്മം ചെയ്യാന്‍ എന്റെ മക്കളെ വിടില്ല എന്ന നിലപാടിലായിരുന്നു ഇയാള്‍. ജനപ്രതിനിധികളടക്കം സംസാരിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് അനിതയുടെ സഹോദരനാണ് കര്‍മ്മങ്ങള്‍ ചെയ്ത് സംസ്‌ക്കാരം നടത്തിയത്.
അനിതയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് ഭര്‍ത്താവ് പ്രതികരിച്ചത്. മക്കളുടെ പേര് ഈ സംഭവത്തില്‍ വലിച്ചിഴയ്ക്കരുതെന്നും പൊലീസുദ്യോഗസ്ഥരോട് ഇയാള്‍ ആവശ്യപ്പെട്ടു. പൊലീസുദ്യോഗസ്ഥരും പഞ്ചായത്തധികാരികളും ചേര്‍ന്നാണ് മൃതദേഹം സംസ്‌ക്കാരം നടത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സഹോദരന്‍ ഏറ്റുവാങ്ങി. പിന്നീട് ചാത്തനാട് ശ്മശാനത്തിലേക്ക് എത്തിക്കുകയായിരുന്നു. ഒരു മകനും മകളുമാണ് അനിതയ്ക്കുണ്ടായിരുന്നത്. അനിത കാമുകനൊപ്പം പോയ ശേഷം കുട്ടികള്‍ ഭര്‍ത്താവിനൊപ്പമായിരുന്നു.
ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രജനിയെ 2 വര്‍ഷം മുന്‍പു സമൂഹമാധ്യമത്തിലൂടെയാണ് കൊലപാതകം നടത്തിയ പ്രബീഷ് പരിചയപ്പെട്ടത്. ഡ്രൈവറായ പ്രബീഷ് രജനിയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. 6 മാസം മുന്‍പ് ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയ പ്രബീഷ് അനിതയുമായി പരിചയത്തിലായി. ഭര്‍ത്താവുമായി പിണങ്ങി ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. ഗര്‍ഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. രജനിയും അനിതയും എതിര്‍ത്തു. തുടര്‍ന്നാണ് അനിതയെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
അനിതയെ 9നു വൈകിട്ട് നാലോടെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്. ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബര്‍ വള്ളത്തില്‍ കയറ്റി വീടിനു 100 മീറ്റര്‍ അകലെയുള്ള ആറ്റില്‍ തള്ളാന്‍ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്. നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോള്‍ പ്രബീഷും വള്ളത്തില്‍ കയറാന്‍ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടര്‍ന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. വെള്ളത്തില്‍ വീണശേഷമാണ് അനിത മരിച്ചത്.
HIGHLIGHTS : Anita's husband said, "I will not leave my children to do the deeds of the woman who went with her lover."
0 Comments