banner

കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്‍റീന സെമിയില്‍; മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഇക്വഡോറിനെ തകര്‍ത്ത് അര്‍ജന്‍റീന.

കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്‍റീന സെമിയില്‍ കടന്നു. ഇക്വഡോറിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മെസിപ്പടയുടെ സെമി പ്രവേശം. ബുധനാഴ്ച രാവിലെ 6:30 ന് നടക്കുന്ന സെമിയില്‍ കൊളംബിയയാണ് അര്‍ജന്‍റീനയുടെ എതിരാളി.

കോപ്പ കിരീടമെന്ന സ്വപ്ന സാഫല്യത്തിന് ലയണല്‍ മെസിക്കും സംഘത്തിനും ഇനി വേണ്ടത് രണ്ടേ രണ്ടു ജയം മാത്രം. ടൂര്‍ണമെന്‍റിന്റെ തുടക്കത്തില്‍ ആരാധകര്‍ കണ്ട അര്‍ജന്റീനയല്ല ഈ അര്‍ജന്റീന. കരുത്തുറ്റ പ്രകടനങ്ങളിലൂടെ ഒരു ഇടവേളക്ക് ശേഷം കിരീട പ്രതീക്ഷ ഉണര്‍ത്തുകയാണ് മെസ്സിപ്പട. തകര്‍പ്പന്‍ പ്രകടനമാണ് ഇക്വഡോറിനെതിരെ അര്‍ജന്‍റീന കെട്ടഴിച്ചത്.

കളിയുടെ തുടക്കം മുതല്‍ തന്നെ ആക്രമണം അഴിച്ചുവിട്ട അര്‍ജന്‍റീന 40 ആം മിനുട്ടില്‍ മുന്നിലെത്തി. മെസിയുടെ പാസില്‍ നിന്ന് ഇക്വഡോര്‍ വല കുലുക്കിയത് റോഡ്രിഗോ ഡി പോള്‍.

മെസിയും ലൗട്ടാരോയും ഡിപോളും ചേര്‍ന്ന മുന്നേറ്റങ്ങള്‍ ഇക്വഡോര്‍ ഗോള്‍ മുഖത്ത് അപകടം വിതച്ചത് പലതവണയാണ്. മിന്നല്‍ പ്രത്യാക്രമണവുമായി ഇക്വഡോര്‍ അര്‍ജന്‍റീന ഗോള്‍ മുഖത്തെത്തിയെങ്കിലും ഗോളി എമിലിയാനോ മാര്‍ട്ടിനെസ് രക്ഷകനായി.രണ്ടാം പകുതിയിലും മേധാവിത്വം തുടര്‍ന്ന അര്‍ജന്‍റീന 84 ആം മിനുട്ടില്‍ ലൗട്ടാരോയിലൂടെ ലീഡ് ഉയര്‍ത്തി.

92 ആം മിനുട്ടില്‍ ഇക്വഡോര്‍ പ്രതിരോധ നിരക്കാരന്‍ ഹിന്‍കാപ്പിക്ക് റെഡ്കാര്‍ഡ്. കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ഇക്വഡോര്‍ പ്രതിരോധത്തെ കീറി മുറിച്ച്‌ കാല്‍പന്ത് കളിയിലെ മിശിഹയുടെ ഗോളെത്തി.

ഇക്വഡോറിനെ തരിപ്പണമാക്കി രാജകീയമായി മെസ്സിപ്പട കോപ്പയുടെ സെമിയില്‍. 4 ഗോളുകളുമായി ലയണല്‍ മെസിയാണ് ടൂര്‍ണമെന്‍റിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമതുള്ളത്.

ഗോള്‍രഹിതമായ നിശ്ചിത സമയവും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുറഗ്വായെ മറികടന്ന് കൊളംബിയയും ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ഷൂട്ടൗട്ടില്‍ 4-2നായിരുന്നു കൊളംബിയന്‍ ടീമിന്റെ വിജയം.

യുറഗ്വായ് താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിനയാണ് ടീമിനെ സെമിയിലെത്തിച്ചത്. കവാനി, സുവാരസ് എന്നിവര്‍ക്ക് മാത്രമാണ് ഷൂട്ടൗട്ടില്‍ യുറഗ്വായ്ക്കായി സ്കോര്‍ ചെയ്യാനായത്.

Post a Comment

0 Comments