banner

ഗർഭിണികൾ അതിവേഗം വാക്സിൻ സ്വീകരിക്കണം; നിർദ്ദേശവുമായി ആരോഗ്യവകുപ്പ്.

സംസ്ഥാനത്തെ എല്ലാ ഗർഭിണികളും സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് കോവിഡ് 19 വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഗർഭിണികളായതിനാൽ പലപ്പോഴും ചികിത്സയ്ക്കും പരിചരണത്തിനുമായി ആശുപത്രിയിൽ പോകേണ്ടി വരും. കോവിഡ് വ്യാപനം കൂടി നിൽക്കുന്ന ഈ സമയത്ത് ആരിൽ നിന്നും ആർക്കും രോഗം വരാം. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗമാണ് വാക്സിൻ സ്വീകരിക്കുക എന്നുള്ളതെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് തന്നെ കോവിഡ് ബാധിച്ച് നിരവധി ഗർഭിണികൾ ഗുരുതരാവസ്ഥയിലാകുകയും ചിലർ മരണമടയുകയും ചെയ്തിട്ടുണ്ട്. പലതരം പരീക്ഷണ നിരീക്ഷണങ്ങൾക്ക് ഒടുവിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗർഭിണികൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചത്. ഈയൊരു ഗുരുതരമായ സാഹചര്യത്തിലാണ് സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും കോവിഡ് വാക്സിൻ നൽകാൻ ‘മാതൃകവചം’ എന്ന പേരിൽ സംസ്ഥാന ആരോഗ്യ വകുപ്പ് കാമ്പയിൻ ആരംഭിച്ചത്.

35 വയസിന് മുകളിൽ പ്രായമുള്ളവർ, അമിത വണ്ണമുള്ളവർ, പ്രമേഹം, രക്താതിമർദം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവരിൽ കോവിഡ് രോഗം ഗുരുതരമായേക്കാം. ഇത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തേയും ബാധിക്കുവാൻ സാധ്യതയുണ്ട്. അതിനാൽ ഗർഭിണിയായിരിക്കുമ്പോൾ വാക്സിൻ എടുക്കേണ്ടത് അത്യാവശ്യമാണ്.

വാക്സിൻ എടുത്ത് കഴിഞ്ഞ് പ്രതിരോധ ശേഷി വന്ന ശേഷം കോവിഡ് ബാധിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. വാർഡ് തലത്തിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ ഗർഭിണികളേയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യിപ്പിച്ച് വാക്സിൻ നൽകുകയാണ് മാതൃകവചത്തിന്റെ ലക്ഷ്യം.

സ്വന്തമായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവർത്തകരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യിപ്പിച്ചാണ് വാക്സിൻ എടുപ്പിക്കുന്നത്. വാക്സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുന്ന വിധത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.

രാജ്യത്ത് നൽകിവരുന്ന കോവീഷീൽഡോ, കോവാക്സിനോ ഇഷ്ടാനുസരണം സ്വീകരിക്കാം. ഗർഭാവസ്ഥയുടെ ഏത് കാലയളവിലും വാക്സിനെടുക്കാന്‍ കഴിയും. മുലയൂട്ടുന്ന അമ്മമാർക്ക് ഏത് കാലയളവിലും വാക്സിൻ നൽകാൻ കേന്ദ്രം നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. അതിനാൽ തന്നെ ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് വാക്സിൻ എടുത്താലും രണ്ടാം ഡോസ് എടുക്കേണ്ട സമയമാകുമ്പോൾ, മുലയൂട്ടുന്ന സമയമായാൽ പോലും വാക്സിൻ എടുക്കുന്നതിന് തടസമുണ്ടാകില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

HIGHLIGHTS : covid 19 vaccine is recommended for all pregnant women in the state for their own safety and the safety of the baby Recommendation of the Department of Health. 

Post a Comment

0 Comments