ബക്രീദ് പ്രമാണിച്ച് കോവിഡ് നിയന്ത്രണങ്ങളിൽ സംസ്‌ഥാന സർക്കാർ നൽകിയ ഇളവ് റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി. മൂന്ന് ദിവസത്തെ ഇളവുകൾ ഇന്ന് തീരുന്നതിനാൽ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് സുപ്രീംകോടതി . കേരളത്തിൽ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ് വിധി.
സര്‍ക്കാര്‍ നൽകിയ ഇളവുകൾ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി സ്വദേശിയായ മലയാളി വ്യവസായിയാണ് ഹർജി നൽകിയത്. ജസ്‌റ്റിസ് റോഹിംഗ്‌ടണ് നരിമാൻ, ജസ്റ്റിസ് ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിയിൽ വിശദമായ സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി ഇന്നലെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് കേസുകൾ കൃത്യമായി നിരീക്ഷിച്ചാണ് ഇളവുകൾ നൽകുന്നതെന്ന് കേരള സർക്കാർ വ്യക്തമാക്കി. ടിപിആർ അനുസരിച്ച് മേഖലകൾ തിരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. കടകൾ തുറക്കാനുള്ള ഇളവുകൾ ജൂൺ 15 മുതലേ നൽകിയതാണെന്നും കോടതിയെ അറിയിച്ചു. പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്ത് വാരാന്ത്യ ലോക്‌ഡൗണിൽ ഇളവ് അനുവദിച്ചിരുന്നു.
ഇളവുകൾ നൽകിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമാണെന്നും വിശദീകരിച്ചു. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും ടിപിആർ കുറച്ചുകൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു.അതേസമയം തൻവാർ കേസിൽ പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
0 Comments