Latest Posts

തളർന്ന് കിടന്ന ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, അരുംകൊല മകൻ പുറത്ത് പോയ സമയം നോക്കി; സംഭവം ശ്രീകാര്യത്ത്

ശ്രീകാര്യം : വർഷങ്ങളായി തളർന്നു കിടക്കുന്ന ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ശ്രീകാര്യം പാങ്ങപ്പാറ ചിറ്റാറ്റുനട മണിമന്ദിരത്തിൽ പ്രസന്നയാണ് (75) കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് സുകുമാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 

ഇന്നലെ രാത്രി ഏഴോടെയായിരുന്നു കൊലപാതകം. ഇതിന് ഒരു മണിക്കൂർ മുമ്പ് ഇവർക്കൊപ്പം താമസിക്കുന്ന മകൻ സുനിൽ ഭക്ഷണം വാങ്ങാൻ പുറത്തു പോയിരുന്നു. അമ്മയോട് സംസാരിച്ച ശേഷമാണ് സുനിൽ പുറത്ത് പോയത്. ഇതിനിടെ ആറ്റിങ്ങലിൽ താമസിക്കുന്ന മകൾ കവിത അമ്മയെ കാണാൻ വീട്ടിലെത്തിയപ്പോഴാണ് കിടപ്പ് മുറിയിൽ അമ്മയെ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.


ആ സമയം സുകുമാരൻ വീട്ടിലുണ്ടായിരുന്നു. മകൻ പുറത്തു പോയ ഉടനെ ആണ് ഭാര്യയെ ഇയാൾ കൊലപ്പെടുത്തിയതെന്ന് കരുതുന്നു. പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് സുകുമാരനെ ചോദ്യം ചെയ്‌തപ്പോഴാണ്‌ കൊലപാതകമാണ് എന്ന് വെളിപ്പെടുത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

അഞ്ച് വർഷമായി പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്നു പ്രസന്ന. രോഗിയായ ഭാര്യയുടെ ദുരിതം കണ്ടു സഹിക്കാൻ കഴിയാതെയാണ് കൊല നടത്തിയതെന്ന് സുകുമാരൻ പൊലീസിന് മൊഴി നൽകി. പ്രസന്നയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വർഷങ്ങളായി ഗൾഫിൽ ആയിരുന്ന സുകുമാരൻ നാട്ടിൽ എത്തിയ ശേഷം പാങ്ങപ്പാറയിൽ കട നടത്തി വരികയായിരുന്നു. 

0 Comments

Headline