banner

"തന്റെ പതിവ് ശൈലിയിൽ, രംഗത്തിന്റെ പൂർണ്ണതക്ക് വേണ്ടി മൂന്നാം തവണ ചിത്രീകരിക്കുമ്പോൾ അത് സംഭവിച്ചു " ജയൻ സ്മരണയിൽ കൊല്ലം, ഇന്നലെ എൺപത്തി രണ്ട്

1974 ൽ ജേസി സംവിധാനം ചെയ്ത ശരപഞ്ജരത്തിലൂടെ നമ്മൾ കണ്ട ആ പൗരുഷമുഖം വെറും ആറു വർഷം മാത്രമാണ് സിനിമയിൽ നിറഞ്ഞു നിന്നത്. ഒരു തമിൾ സിനിമയും റിലീസ് ചെയ്യപ്പെടാത്ത മൂന്നുചിത്രങ്ങളും (കസ്തൂരിമാൻ, കൈവഴികൾ പിരിയുന്നു, പഞ്ചപാണ്ഡവർ) അടക്കം 119 ചിത്രങ്ങളിൽ അഭിനയിച്ച ഈ അതുല്യ പ്രതിഭ കൊല്ലം തേവള്ളി ഓലയിൽ സ്വദേശി ആയിരുന്നു എന്നത് തന്നെ ഈ കുറിപ്പിനാധാരം, കൂടാതെ ഞാനൊരു ജയൻ ആരാധകനും.

ആദ്യചിത്രത്തിനു ശേഷം അഞ്ച് കൊല്ലക്കാലം ഉപനായക - വില്ലൻ വേഷങ്ങളായിരുന്നു. നായക പദവിയുള്ള ഒരു റോൾ അങ്കക്കുറിയിലൂടെയാണ് ലഭിക്കുന്നത്. ഇരുമ്പഴികൾ, പ്രഭു, ലവ് ഇൻ സിംഗപ്പൂർ, ശത്രുസംഹാരം, സായൂജ്യം, ഒരു രാഗം പലതാളം, മീൻ, എന്നിവയിൽ നായക റോൾ ആയിരുന്നു. ആവേശത്തിലും മനുഷ്യമൃഗത്തിലും ഡബിൾ റോൾ ആയിരുന്നു.

ഡ്യൂപ്പില്ലാതെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിൽ വിജയിച്ചിരുന്ന നടൻ എന്ന നിലയിൽ ആണ് അദ്ദേഹത്തിന് കൂടുതലായി ആരാധകർ ഉണ്ടായിരുന്നത്. ജയന്റെ ശരീര സൗന്ദര്യവും, ബലിഷ്ടമായ ശരീരവും, ഘന ഗംഭീരമായ സ്വരവും പല സംവിധായകരും പ്രയോജനപ്പെടുത്തി. ഒരു മുൻ സൈനികൻ എന്ന ആത്മവിശ്വാസം ആവണം ഇതുമാതിരിയുള്ള അപകട രംഗങ്ങൾ നിർഭയത്തോടെ ഡ്യൂപ്പില്ലാതെ ഏറ്റെടുക്കാൻ അദ്ദേഹത്തിനു ധൈര്യം കൊടുത്ത്. പലവട്ടം സംഘട്ടങ്ങളുടെ ചിത്രീകരണ വേളയിൽ അപകടം സംഭവിച്ചിട്ടുണ്ട് "ഡ്യൂപ്പ് ചെയ്താലും അപകടം സംഭവിക്കില്ലേ, ഡ്യൂപ്പും മനുഷ്യരല്ലേ" എന്ന് പറഞ്ഞു അദ്ദേഹം സംവിധായകരെ സമാധാനിപ്പിച്ചു. അങ്ങാടിയുടെ ക്ലൈമാക്സ് മദിരാശിയിലെ ഒരു സ്റ്റുഡിയോവിൽ ആയിരുന്നു. തീ ആളിപ്പടരുന്ന ചിത്രീകരണത്തിനിടെ തീനാളങ്ങൾ വിചാരിച്ചതിലും കൂടുതൽ ആളി പടർന്ന് അപകട നിലയിലായപ്പോൾ ആസ്‌ബറ്റോസ്‌ കൈകൊണ്ടു പൊട്ടിച്ചു യൂണിറ്റ് അംഗങ്ങളെ പുറത്തേക്കു രക്ഷിച്ച കാര്യം ആ യൂണിറ്റിൽ ഉണ്ടായിരുന്ന ഒരാൾ രേഖപ്പെടുത്തിയിട്ടുണ്ട് . സർപ്പത്തിൽ സീമ വളർത്തുന്ന ഒരു മലമ്പാമ്പ് ജയന്റെ കൈയിൽ ചുറ്റിവരിയുന്ന രംഗത്ത് സർവ ശക്തിയുമെടുത്തു പാമ്പിനെ കുടഞ്ഞു കളയാൻ ശ്രമിക്കുന്നുണ്ട് ജയൻ, എന്നാൽ ക്യാമറമാന് പന്തികേട് തോന്നിയപ്പോൾ സെറ്റിലെ മറ്റു ആളുകൾ വന്നു മലമ്പാമ്പിനെ വാലിൽ പിടിച്ചു ചുറ്റഴിക്കേണ്ടി വന്നു. കരിമ്പനിയിൽ ഓടിക്കയറിയ ജയൻ ഒരു സുപ്രഭാതത്തിൽ ചെന്ന് പനയിലേക്ക് ഓടിക്കയറിയതല്ല, രണ്ടോ മൂന്നോ പ്രാവശ്യം താഴേക്ക് വന്നതിൽ പിന്നീടാണ് വിജയിച്ചത്. ഓടുന്ന ട്രെയിനിൽ ചാടി കയറുന്ന ജയനെയും നമ്മൾ കണ്ടു. 14.2.1981ൽ റിലീസ് ആയ കോളിളക്കത്തിന് ശേഷവും അദ്ദേഹം അഭിനയിച്ച ആക്രമണം 21.2.1981, സഞ്ചാരി 26.2.1981, അഭിനയം 20.3.1981, അഗ്നിശരം 8.5.1981, കോമരം 7.5.1982, എൻ്റെ ശത്രുക്കൾ 21.5.1982, അഹങ്കാരം 17.6.1983 എന്നിവ പുറത്തു വന്നു.  

ചെന്നയിൽ നിന്നും അൻപത് കിലോമീറ്റർ അകലെ ഷോളവാരം എയർ സ്ട്രിപ്പിലായിരുന്നു 16.11.1980 ഞായറാഴ്ച കോളിളക്കത്തിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത്. പ്രമുഖ താരങ്ങൾ മധു, സോമൻ, സുകുമാരൻ, കെ ആർ വിജയ, എം എൻ നമ്പിയാർ, ബാലൻ കെ നായർ തുടങ്ങിയവരും ഒട്ടേറെ സ്റ്റൻണ്ട് ആർട്ടിസ്റ്റുകളും പങ്കെടുത്ത സ്റ്റണ്ട് രംഗം. മോട്ടോർ ബൈക്കിൽ നിന്നും പറന്നുയർന്ന ഹെലികോപ്റ്ററിലിക്കെ ജയൻ തൂങ്ങി കയറുന്ന രംഗത്തിന്റെ ചിത്രീകരണം രണ്ടു തവണ നടന്നു, തന്റെ പതിവ് ശൈലിയിൽ രംഗത്തിന്റെ പൂർണ്ണതക്ക് വേണ്ടി മൂന്നാം തവണ ചിത്രീകരിക്കുമ്പോൾ അത് സംഭവിച്ചു, മലയാള ചലച്ചിത്രത്തിന്റെ കനത്ത നഷ്ട്ടം. ജയൻ അമരനായി ആരാധകർ മനസ്സിലേറ്റുന്നു, മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ എന്നും സൗരഭ്യം ഉതിരുന്ന ഒരു നറുമലരായി ജയൻ ഉണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് മലയാള ചലചിത്രവേദിയിൽ ഒരു കോളിളക്കം ഉണ്ടാക്കിയെടുത്ത അതുല്യൻ നടൻ ജയന് സ്മാരകമായി ജില്ലാ പഞ്ചായത്ത് ഒരു സ്മാരകം പണികഴിപ്പിച്ചിട്ടുണ്ട്, ജയന്റെ വീടിന് അടുത്തായി കമ്മാൻകുളത്തിന്റെ കരയിൽ സി രാധാമണി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ ആണ് സ്മാരകം നാടിനു തുറന്നു കൊടുത്തത്. ഹാളിൽ പ്രമോദ് പുലിമലയിൽ വരച്ച ജയന്റെ ഒരു ച്ഛയാചിത്രം കാണാം.

മുറ്റത്തെ മുല്ലക്ക് ഒരു കാലത്തും ഒരിടത്തും സുഗന്ധം ഉണ്ടായിട്ടില്ല ഇവിടെ കൊല്ലത്തും. ജയന്റെ പേരിൽ സംസ്കാരിക നഗരമായ ത്രിശ്ശൂരിലെ ഒരു പിടി ആരാധകർ വേണ്ടിവന്നു കൊല്ലക്കാരനായ ജയന് "ഓൾ കേരള ജയൻ മെമ്മോറിയൽ സംകാരിക വേദി" സംഘടിപ്പിക്കാനായി. തിരുവനന്തപുരം ഇതേ പേരിൽ ഒരു സംസ്കാരിക വേദിയുണ്ട്. ഇന്ന് യൂട്യുബിലും, വാട്ട്സ്ആപ്, ഫേസ്ബുക്കിലും നിരവധി അനുസ്മരണ പരിപാടികൾ നടക്കുന്നു, ടി ജി രവി, ഷമ്മി തിലകൻ, ശാന്തിവിള ദിനേശ്, തുടങ്ങി നിരവധി പ്രതിഭകൾ സംസാരിക്കുന്നു. വൈകുന്നേരം വരെയുണ്ടാകും. ആരാധകർക്കും ജയനെ ഇഷ്ട്ടപെടുന്നവർക്കും, കൊല്ലത്തുകാർക്കും കേൾക്കാം, കാണം.

തൃശൂർ സംകാരിക വേദി മനോഹരമായ ഒരു കലണ്ടർ 2020 ലും 2021 ലും പുറത്തിറക്കി. കൂടാതെ നിരവധി വർണ്ണ ചിത്രങ്ങൾ, പഴയ സിനിമ പോസ്റ്ററുകൾ, ഉൾപ്പെടുത്തി "ജയതാരകം" എന്നൊരു സ്മരണികയും അടുത്തകാലത്ത് പുറത്തിറക്കിയിരുന്നു. ജയതാരകത്തിലെ വിലപ്പെട്ട ലേഖനങ്ങൾ ഈ കുറിപ്പ് പൂർണ്ണമാക്കുന്നതിൽ എന്നെ സഹായിച്ചു.

ജയന്റെ ചിത്രങ്ങളുടെ റിലീസ് തീയതി രേഖപെടുത്തിയായിരുന്നു കലണ്ടർ.

ജയന്റെ ഓർമ്മ ദിനത്തിൽ പതിവായി കൊല്ലത്ത് ഓലയിൽ ഉള്ള പ്രതിമക്ക് അരികിൽ പോകാറുണ്ട്. ഈ കഴിഞ്ഞ ഓർമ്മദിനത്തിലും പോയിരുന്നു. ഈ വെള്ളിയാഴ്ച അതുവഴി പോയപ്പോൾ പകർത്തിയ പ്രതിമയും കാണാം. ജയൻ താമസിച്ചിരുന്ന കൊച്ചുമുറിയുൾപ്പെടുന്ന വീട് പൊളിച്ചു അവിടെ നാണി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ വിപുലീകരണം നടക്കുന്നു.

താലൂക്ക് കച്ചേരി ബോട്ട് ജെട്ടിയിൽ നിന്നും തുടങ്ങി തോപ്പിൽ കടവിൽ അവസാനിക്കുന്ന പുതിയ ഫ്‌ളൈവർ മേൽപ്പാലത്തിന് ജയന്റെ പേര് കൊടുക്കുന്നത് ഉചിതമായിരിക്കും. ആ മേൽപ്പാലത്തിനിടയിൽ ഓലേക്കടവിൽ നിന്നും ജയന്റെ കുംടുംബ തറവാടിലേക്ക് പോകാനുള്ള ലിങ്കും ഉള്ളത് ജയന്റെ പേര് കൊടുക്കുന്നതിനു അനുകൂല ഘടകമാണ്.

Post a Comment

0 Comments