banner

ആരാധകർക്ക് നൽകിയ വാക്കുപാലിച്ച് കെയ്ന്‍; നോക്കൗട്ടിൽ നിന്ന് ഇരട്ടഗോളുകളുമായി സെമിയിലേക്ക്, ലോകകപ്പ് പിഴവ് യൂറോയിൽ ആവർത്തിക്കില്ല - ഇംഗ്ലണ്ട്.

ഉക്രൈനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ട്. ' യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കുറച്ചു ഗോളുകളുമായി നോക്കൗട്ടിലേക്ക് കടന്ന ടീമാണ് ഇംഗ്ലണ്ട്. മൂന്നു മത്സരങ്ങളില്‍ നിന്ന് വെറും രണ്ടു ഗോളുകള്‍ മാത്രമായിരുന്നു അവര്‍ നേടിയത്. നായകനും സ്റ്റാര്‍ സ്‌ട്രൈക്കറുമായിരുന്ന ഹാരി കെയ്‌ന്റെ ബൂട്ടുകള്‍ നിശബ്ദമായതാണ് ഇംഗ്ലണ്ടിന് വിനയായത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനു വേണ്ടി തകര്‍പ്പന്‍പ്രകടനം നടത്തിയ കെയ്‌ന് പെട്ടെന്ന് എന്തു സംഭവിച്ചുവെന്നായിരുന്നു ആരാധകരുടെ ആശങ്ക. ഇംഗ്ലീഷ് മാധ്യമങ്ങളും ഇക്കാര്യം ആരാഞ്ഞതോടെ താരം തന്നെ ഇതില്‍ വ്യക്തത വരുത്തി രംഗത്തുവന്നു.
ഇംഗ്ലണ്ടിനായി നിര്‍ണായക സമയത്തു മികച്ച പ്രകടനം പുറത്തെടുക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും കഴിഞ്ഞ ലോകകപ്പിലെ അനുഭവം അതാണ് പഠിപ്പിച്ചതെന്നും ആരാധകര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് കെയ്ന്‍ പറഞ്ഞത്. 2018-ലെ റഷ്യ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനായി ഗോളടിച്ചു കൂട്ടിയത് കെയ്‌നായിരുന്നു.

മൂന്നു മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകളാണ് കെയ്ന്‍ നേടിയത്. എന്നാല്‍ പിന്നീട് നോക്കൗട്ട് റൗണ്ടിലേക്ക് കയറിയതോടെ കെയ്‌ന് ആ മികവ് തുടരാനായില്ല. പ്രീക്വാര്‍ട്ടറില്‍ രണ്ടു പെനാല്‍റ്റി ഗോളുകള്‍ കൂടി നേടിയെങ്കിലും ക്വാര്‍ട്ടറിലും ഇംഗ്ലണ്ട് തോറ്റ സെമിയിലും കെയ്‌ന്റെ ബൂട്ടുകള്‍ നിശബ്ദമായിരുന്നു.

നിര്‍ണായക സെമിയില്‍ നായകനില്‍ നിന്ന് ടീം പ്രതീക്ഷിച്ച പ്രകടനമുണ്ടാകാതെ പോയതോടെ ലോകകപ്പ് സ്വപ്‌നം പൊലിയുകയും ചെയ്തിരുന്നു. ആ തെറ്റ് യൂറോയില്‍ ആവര്‍ത്തിക്കില്ലെന്ന നിലപാടിലാണ് താന്‍ എന്നാണ് കെയ്ന്‍ പറഞ്ഞത്.

അത് ഇപ്പോള്‍ അക്ഷരംപ്രതി ശരിയാകുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഗോളുകള്‍ നേടാഞ്ഞ താരം നിര്‍ണായകമായ നോക്കൗട്ടില്‍ തന്റെ സ്‌കോറിങ് മികവ് വീണ്ടെടുത്തു. പ്രീ ക്വാര്‍ട്ടറില്‍ ആദ്യ ഗോള്‍ നേടിയ കെയ്ന്‍ ഇന്നലെ ക്വാര്‍ട്ടറില്‍ ഇരട്ടഗോളുകളുമായി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവച്ചു.

യൂറോയില്‍ ഇംഗ്ലണ്ടിന് ഇനി ശേഷിക്കുന്നത് രണ്ടു മത്സരങ്ങളാണ്. സെമിയും ഫൈനലും, അതും സ്വന്തം നാട്ടില്‍വച്ച്. നായകന്‍ ഫോമിലേക്ക് ഉയര്‍ന്നത് ശരിയായ സമയത്താണെന്നനും 25 വര്‍ഷത്തിനു ശേഷം യൂറോ കിരീടം സ്വപ്‌നം കാണുന്ന ടീമിന് അത് ഉറപ്പാക്കാന്‍ ഇതു സഹായിക്കുമെന്നും ആരാധകര്‍ ഇപ്പോള്‍ വിശ്വസിച്ചു തുടങ്ങി.

Post a Comment

0 Comments