“എസ് ടി റെഡ്‌ഢിയാർ ആൻഡ് സൺസ്"
(അച്ചടി രംഗത്ത് 92 വർഷത്തെ പാരമ്പര്യം)
വർഷം കഴിയുന്തോറും പാരമ്പര്യത്തിന്റെ പ്രായം കൂടി. ഇപ്പോൾ 135 വർഷത്തെ പ്രായമായി.
ഇരുപതാമത്തെ വയസ്സിൽ തിരുനെൽവേലി സമൂഹരംഗപുരത്തുനിന്നും പട്ടിണിമൂലം സുബ്ബയ്യ തെന്നാട്ട് റെഡ്‌ഢിയാർ എന്ന ബാലൻ വീടുവിട്ടിറങ്ങി. നാടായ നടോക്കേ ചുറ്റിത്തിരിഞ്ഞു ബാലൻ എത്തിച്ചേർന്നത് കൊല്ലത്തു ചിന്നക്കടയിലായിരുന്നു. പുസ്തക വ്യാപാരിയായ ആർ ടി പിള്ളയുമായി പരിചയപ്പെട്ടു കമ്മീഷൻ വ്യവസ്ഥയിൽ പുസ്തകങ്ങൾ തലച്ചുമടായി റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും കവലകളിലും വിൽപ്പന ആരംഭിച്ചു. ത്യശ്ശൂരിൽനിന്നുമാണ് പുസ്തകങ്ങൾ ശേഖരിച്ചിരുന്നത്.
1886 ൽ ' വിദ്യാഭിവർദ്ധിനി' എന്ന പേരിൽ അച്ചുകൂടം കൊല്ലത്തു സ്ഥാപിച്ചു. അമ്മച്ചിവീട്ടിനടുത്തുള്ള നീലകണ്ഠൻ മേസ്ത്രിയാണ് ഒരു ചവിട്ടച്ചുക്കൂടം റെഡ്‌ഢിയാർക്ക് നിർമിച്ചു നൽകിയത്. ഹരിനാമ കീർത്തനവും എഞ്ചുവടിയും പഞ്ചാംഗവും ആയിരുന്നു ആദ്യകാല പ്രസിദ്ധീകരണങ്ങൾ. തുടർന്നങ്ങോട്ട് അച്ചടി പ്രസാധക രംഗത്തു വൻപിച്ച നേട്ടങ്ങൾ ആണ് റെഡ്‌ഢിയാർ കൈവരിച്ചത്. രാമായണം - മഹാഭാരത കൃതികളുടെ അച്ചടിയിലാണ് റെഡ്‌ഢിയാർ വൻ നേട്ടങ്ങൾ കൊയ്തുകൂട്ടിയത്. 1892 ൽ മഹാഭാരതം കിളിപ്പാട്ട് പ്രസിദ്ധപ്പെടുത്തി. 1950 വരെ 53 പതിപ്പുകൾ കിളിപ്പാട്ടിനുണ്ടായി.
മെയിൻ റോഡിനു വടക്കു ഭാഗത്തെ കല്ലിങ്ങൽ പുരയിടത്തിലെ വീട്ടിലായിരുന്നു റെഡ്ഢിയാർ താമസം. റോഡിനു തെക്കു വശം വലിയ കെട്ടിടങ്ങൾ പണിഞ്ഞു. (ഗുരുപ്രസാദിന് തെക്കുള്ള വഴി) റോഡിനിരുവശവും ഉള്ള തന്റെ വലിയ കെട്ടിടങ്ങൾ കൂട്ടിയിണക്കി റോഡിനു കുറുകെ ഒരു വലിയ നടപ്പാലം നിർമ്മിച്ചു. അക്കാലത്തെ ബ്രിട്ടീഷ് എഞ്ചിനീയർന്മാരെ കൊണ്ട് തന്നെ പാലം പണിയിക്കാനുള്ള ധനശേഷി ഇതിനകം റെഡ്‌ഢിയാർ നേടിയിരുന്നു. റെഡ്ഢിയാരുടെ മരണ ശേഷം മകൻ ബാലകൃഷ്ണ റെഡ്ഢിയാർ (മുത്തുസ്വാമി റെഡ്‌ഢിയാറുടെ അച്ഛൻ ) ഈ പാലത്തിനു മുകളിലൂടെ വീട്ടിൽനിന്നും പ്രസ്സിലേക്കു നടന്നു പോകുന്നത് താഴെ റോഡുവഴി വന്ന ദിവാൻ സി പി രാമസ്വാമി അയ്യർ കണ്ടു. ഉടൻ തന്നെ പാലം പൊളിച്ചു കളയാൻ ഉത്തരവിട്ടത്രേ.
റെഡ്‌ഢിയാർ സമൂഹം കൊല്ലത്തെ വാണിജ്യ വ്യാവസായിക മേഖലകളിൽ നൽകിയ സംഭാവനകളെ കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എസ് ടി റെഡ്‌ഢിയാർ (1855-1915) എന്ന തമിഴ്നാട്ടുകാരൻ സ്ഥാപിച്ച “എസ് ടി റെഡ്‌ഢിയാർ ആൻഡ് സൺസ്” എന്ന നാട്ടച്ചുകൂടമാണ്.
അക്കാലത്തു തന്നെ 1910 ആണ്. ആലപ്പുഴയിൽ വീരയ്യ റെഡ്‌ഢിയാർ ശീമാട്ടി എന്ന തുണിക്കട ആരംഭിക്കുന്നത്.
പിൽക്കാലത്ത് മൂത്ത മകൻ രാമചന്ദ്ര റെഡ്‌ഢിയാർ ആണ് കൊല്ലത്ത് ശീമാട്ടി തുടങ്ങുന്നത്. രാമചന്ദ്ര റെഡ്ഢിയാരുടെ മരണശേഷം ഭാര്യയും മക്കളും കൂടി വ്യാപാരം ഏറ്റെടുത്തു. എന്നാൽ തൊണ്ണൂറുകളുടെ അവസാനത്തോടെ വ്യപാരം ക്ഷയിച്ചു അവസാനം കൊല്ലം ശീമാട്ടി പൂട്ടി.
ഏതാണ്ട് അതെ കാലയളവിൽതന്നെയാണ് ആർ കൃഷ്ണസ്വാമി റെഡ്‌ഢിയാർ എന്ന സിനിമ വ്യവസായി കടന്നു വരുന്നത്. 'രാധ എന്ന പെൺകുട്ടി', 'നട്ടുച്ചക്ക് ഇരുട്ട്', 'താളം മനസ്സിന്റെ താളം', 'ബലൂൺ' എന്നീ ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. മുകേഷിനെ സിനിമയിലേക്ക് കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നു. ജലജ, സുധീർ എന്നിവർക്കും സിനിമയിൽ കടന്നു വരാനായി അദ്ദേഹം സഹായിച്ചിട്ടുണ്ട്. കുങ്കുമം, കേരളശബ്‍ദം, പാക്കനാർ, വെള്ളിനക്ഷത്രം, നാനാ എന്ന മാസികളും രാധാസ് സോപ്പും അദ്ദേഹത്തിന്റെ സംഭവനകളായിരുന്നു. ഒരു കാലത്തു നാനാ അവാർഡ് ലഭിക്കുവാൻ വേണ്ടി പുതുമുഖങ്ങൾ കാത്തിരിക്കുമായിരുന്നു. നാനാ കൃഷ്ണൻകുട്ടിയുടെയും, നാനാ മോഹന്റെയും ക്യാമറയിൽ ഒന്ന് മുഖം കാട്ടാൻ വേണ്ടി പ്രസിദ്ധ നടീനടന്മാർ വരെ Q നിൽക്കുമായിരുന്നു. തുടർന്നു വന്ന Dr രാജാ കൃഷ്ണ റെഡ്ഢിയാർ കൊല്ലത്തെ വാണിജ്യ സാംസ്‌കാരിക പൊതു മണ്ഡലത്തിൽ നൽകിയ സേവനങ്ങൾ പരാമർശിക്കണം.
കൃഷ്ണസ്വാമിയുടെ സഹോദരൻ രംഗനാഥാ റെഡ്‌ഢിയാർ ആണ് കൊല്ലത്തു രാധാസ് എന്ന തുണി കട ആരംഭിക്കുന്നത്. രാധാസ് ഏജൻസിസ് ഇദ്ദേഹത്തിന്റെ ഒരു സഹോദര സ്ഥാപനമായിരുന്നു. മറ്റൊരു സഹോദരൻ തിരുവെങ്കിട്ട റെഡ്‌ഢിയാർ സിനിമ രംഗത്തുള്ളവർക്ക് വലിയ തോതിൽ ഫൈനാൻസ് ചെയ്തിരുന്നു.
അക്കലത്തു തന്നെ 1973 ൽ ആണ് കൽപ്പന ടെക്സ്റ്റൈൽസ് വരുന്നത്. എനിക്ക് പ്രിയപ്പെട്ട കടയായിരുന്നു കൽപ്പന. ആദ്യകാല അയ്യപ്പാസ് പുതു മോടിയിൽ വന്നതും ആക്കാലത് തന്നെ. ധീർഘകാലം അയ്യപ്പാസിൽ അക്കൗണ്ട്സ് വിഭാഗം നോക്കിയിരുന്ന മോഹൻ റെഡ്ഢിയാർ എന്റെ അടുത്ത സുഹൃത്തും പ്രസിദ്ധ ഗൈനക്കോളജിസ്റ് Dr. നാഗമണിയുടെ (NS ആശുപത്രി) പിതാവുമാണ്
സ്വർണ വ്യാപാരചരിത്തിൽ ഇടം പിടിച്ച ആദ്യകാല റെഡ്ഢിയരന്മാരിൽ ഒരാളാണ് കേശവ റെഡ്‌ഢിയാർ. ഇപ്പോൾ അയ്യപ്പാസ് കിടക്കുന്ന സ്ഥലത്താണ് അന്ന് കേശവ ജ്വല്ലറി നടത്തിയിരുന്നത്. തുണിയുടെ ഹോൾസെയിൽ വ്യാപാര രംഗത് കേശവ ടെക്സ്റ്റൈൽസ് പേരെടുത്തിരുന്നു . ആ കടയിൽ സഹകരിച്ച ആളായിരുന്ന എസ് എം വെങ്കിട്ടാരമാൻ റെഡ്‌ഢിയാർ ആണ് പിന്നീട് സ്വന്തമായി ശ്രീനിവാസ് ഫേബ്രിക്സ് തുടങ്ങുന്നത്. അദ്ദേഹം തന്നെ വസന്ത ആൻഡ് കോ എന്ന തുണി വ്യാപാരം നടത്തിയിരുന്നു.
ആദ്യകാല പലചരക്കുകടക്കാരെയെടുത്തൽ ഏ എസ്സ് കൃഷ്ണസ്വാമി റെഡ്ഢിയാർ ആയിരുന്നു കാരണവർ. ഇദ്ദേഹത്തിന് ആന്ധ്രായിൽ നിന്നും സ്പെഷ്യൽ ചരക്കു തീവണ്ടിയിൽ ആയിരുന്നു അരി വരുന്നത്. "ഇന്ന് ASK സ്പെഷ്യൽ വണ്ടി വരുന്നുണ്ട്" എന്നായിരുന്നു ഗുഡ്സ് യാർഡിലേ ചുമട്ടു തൊഴിലാളികൾ അക്കാലത്തു ചിലദിവസങ്ങളിൽ പറയുന്നത്. സാധാരണ ഗുഡ് ട്രെയിൻ പതിനഞ്ചു ദിവസം കൊണ്ട് താണ്ടുന്ന ദൂരം ഇരുപത്തിനാലു മണിക്കൂർ കൊണ്ട് ഓടി സ്പെഷ്യൽ ട്രെയിൻ കൊല്ലത്തെത്തിയിരുന്നു.
VNR എന്ന ത്രയാക്ഷരത്തിൽ പരക്കെ അറിയപ്പെട്ടിരുന്ന വി നാരായണസ്വാമി റെഡ്ഢിയാരെ അറിയാത്തവർ ഇല്ല തന്നെ. അദ്ദേഹത്തിന്റെ ഒരു മകൻ ഇപ്പോഴും അതെ പേരിൽ മഹാറാണി മാർക്കറ്റിൽ പലചരക്കു വ്യാപാരം തുടരുന്നതിനൊപ്പം മറ്റൊരു മകൻ @Prem krishnan, എൻ എൻ കോംപ്ലക്സിൽ സുമംഗലി, മംഗല്യ, സ്വയംവര എന്നീ കല്യാണ മണ്ഡപങ്ങൾ നടത്തുന്നു.
എസ് ഗോവിന്ദ രാജ റെഡിയാരും ഈ കാലത്തു തന്നെ കൊല്ലം കമ്പോളത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴത്തെ പതിനാലു വീലുള്ള ടോറസ് ലോറിയിൽ കൊള്ളൂന്നത്ര ചരക്കുകൾ വലിയ കെട്ടുവള്ളത്തിൽ (അരി മുളക് മഞ്ഞൾ തുടങ്ങി മറ്റു സുഗന്ധ ദ്രവ്യങ്ങൾ) ആലപ്പുഴ വരെ കയറ്റി അയച്ച പാരമ്പര്യം ഉള്ള മുതലാളി ആയിരുന്ന അദ്ദേഹത്തിന്റെ മകൻ സുരേഷ് ബാബു അതേ കടയിൽ അതെ വ്യാപാരം ഇപ്പോഴും നടത്തുന്നു.
കശുവണ്ടി മേഖലയിലും റെഡ്ഢിയാർ സമൂഹം കൈയൊപ്പ് പതിപ്പിച്ചിരുന്നു. അതിൽപ്പെട്ട പ്രമുഖൻ എൻ ഏ നാരായണ റെഡ്ഢിയാർ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ ആണ് (NANR) ഇന്ത്യൻ കോഫി ഹൗസ് നിന്ന സ്ഥലത്ത് ഇപ്പോൾ ഒരു കോംപ്ലക്സ് പണിഞ്ഞിരിക്കുന്നത്.
അങ്ങനെ നമ്മുടെ കൊല്ലത്തിന്റെ വാണിജ്യ വ്യാപാര രംഗത്തെ വളർച്ചയിൽ വലിയ പങ്ക് വഹിച്ച റെഡ്ഢിയാർ കുടുംബങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.
ഇവിടെ പരാമർശിച്ച ഒട്ടുമിക്ക വ്യക്തികളുടെയും ചിത്രങ്ങൾ ഉള്ള ഒരു വലിയ ഓഡിറ്ററിയവും റെഡ്ഢിയാർ സമൂഹത്തിന്റെ ഓഫീസും ചിറ്റടീശ്വരത്ത് പ്രവർത്തിക്കുന്നു.
0 Comments