banner

അമിത് ഷാ പാർലമെൻ്റിൽ മറുപടി പറയട്ടേ: ഫോണ്‍ ചോര്‍ത്തലില്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി


പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ വിശദീകരണം നടത്തണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്രായേല്‍ കമ്പനി വികസിപ്പിച്ച ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ മോദി സര്‍ക്കാരിനു ബന്ധമുണ്ടോയെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കണം. ഇല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് പോലെ സത്യം പുറത്തുവന്നാല്‍ ബിജെപിയെ വേദനിപ്പിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

 


കേന്ദ്ര സര്‍ക്കരിനെ പ്രതിരോധത്തിലാക്കിയ പെഗാസസ് ഫോൺ ചോർത്തൽ പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷം. വിവാദവിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. ആർഎസ് പി എംപി എൻ കെ പ്രേമചന്ദ്രനാണ് ലോക്സഭയില്‍ നോട്ടീസ് നൽകിയത്. കോൺഗ്രസും അടിയന്തിര പ്രമേയത്തിന് അവതരാണാനുമതി തേടി നോട്ടീസ് നൽകിയിട്ടുണ്ട്. രാജ്യസഭയില്‍ സിപിഐയുടെ ബിനോയ് വിശ്വം എംപി അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. കോണ്‍ഗ്രസിന് വേണ്ടി നോട്ടിസ് നല്‍കിയത് ചീഫ് വിപ്പായ കൊടിക്കുന്നില്‍ സുരേഷാണ്. അതേസമയം ഇന്ധന വില വര്‍ധനവില്‍ കെ മുരളീധരന്‍ എംപി അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. ടിഎംസി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളും അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്.

കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി 300ഓളം പേരുടെ ഫോണ്‍ കോളുകള്‍ മറ്റ് വിവരങ്ങള്‍ തുടങ്ങിയവ ഇസ്രയേൽ കമ്പനി വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ചോർത്തിയെന്നാണ് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിലെ സര്‍ക്കാറുകള്‍ക്ക് ചാരപ്പണി നടത്തിക്കൊടുക്കുന്ന ഇസ്രായേലി ചാര വിവരസാങ്കേതികവിദ്യ കമ്പനിയായ എന്‍എസ്ഒ ആണ് ഇന്ത്യയില്‍ പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിക്കൊടുത്തത്. ഒരു സ്വകാര്യ ഏജന്‍സിക്കും തങ്ങള്‍ ചാരപ്പണി നടത്തിക്കൊടുക്കാറില്ലെന്ന് വ്യക്തമാക്കിയ കമ്പനി , തങ്ങൾ ഈ സോഫ്റ്റ് വെയർ വിൽക്കുന്നത് സർക്കാരുകൾക്ക് മാത്രമാണ് എന്നാണ് കമ്പനിയുടെ വിശദീകരിക്കുന്നു.

HIGHLIGHTS : Let Amit Shah reply in Parliament: BJP MP Subramanian Swamy on phone leak



Post a Comment

0 Comments