കൊല്ലത്ത് ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
SPECIAL CORRESPONDENTWednesday, July 28, 2021
അഞ്ചൽ : ബുദ്ധിമാന്ദ്യവും അപസ്മാര രോഗിയുമായ യുവതിയെ പീഡിപ്പിച്ചയാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. പൊടിയിട്ടുവിള കുരുവിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ ബിജു (30) വാണ് അറസ്റ്റിലായത്. വാളകത്തെ സ്പെഷ്യൽ സ്കൂളിൽ കഴിഞ്ഞിരുന്ന യുവതിയെ കോവിഡ് കാലമായതിനാൽ ഏറെ നാളായി മാതാപിതാക്കളോടും മുത്തശ്ശിയോടുമൊപ്പം സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്ക് പോയെന്നും മുത്തശ്ശി വീട്ടിലില്ലെന്നും മനസ്സിലാക്കിയ ബിജു യുവതിയുടെ വീട്ടിലെത്തി യുവതിയുമായി അടുപ്പം കൂടിയ ശേഷം വീടിന് സമീപത്തുള്ള പുരടത്തിൽകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവത്രേ. മാതാപിതാക്കൾ വൈകിട്ടു വീട്ടിൽ വന്നപ്പോൾ കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായ വിവരം അറിയുന്നത്. ഇതേത്തുടർന്ന് മാതാപിതാക്കൾ അഞ്ചൽ പൊലീസിൽ പരാതി നൽകി. ഇവരുടെ പരാതിയിന്മേൽ യുവതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി സ്പെഷ്യൽ സ്കൂൾ അധ്യാപികയുടെ സഹായത്തോടെ മജിസ്ട്രേട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പീഡനത്തിനിരയായ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി ചികിത്സ നൽകി. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments