അതേസമയം, രഖിൽ മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടം തേടി പൊലീസ് അന്വേഷണം തുടങ്ങി. രഖിലിന് നാടൻ തോക്ക് എവിടെ നിന്ന് കിട്ടി എന്നതാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിനായി നാലംഗ പ്രത്യേക സംഘം കണ്ണൂരിലെത്തി. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചത് 7.62 എം എം റൈഫിൾ ആണെന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ സുഹൃത്തുകളെ ഉടന്‍ ചോദ്യം ചെയ്യും.
മാനസയുടെയും കൊലപാതത്തിന് ശേഷം ആത്മഹത്യ ചെയ്ത രഖിലിന്റെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കൾ കോതമംഗലത്തേക്ക് തിരിച്ചു.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിനു സമീപം വിദ്യാര്‍ത്ഥിനികള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. കണ്ണൂര്‍ നാറാത്ത് ടി സി ഗേറ്റ് പാര്‍വണം വീട്ടില്‍ മാനസ (24) ആണ് കൊല്ലപ്പെട്ടത്.
കണ്ണൂര്‍ സ്വദേശി പാലയാട് രാഹുല്‍ നിവാസില്‍ രഘുത്തമന്റെ മകന്‍ രാഗില്‍ (32) ആണ് മാനസയെ കൊലപ്പെടുത്തിയ ശേഷം തലയ്ക്ക് നിറയൊഴിച്ച് ജീവനൊടുക്കിയത്. മാനസയെ മുമ്പും രാഗില്‍ പ്രണയാഭ്യര്‍ത്ഥനയുമായി ശല്യപ്പെടുത്തിയിരുന്നുവെന്നും ഇത് രൂക്ഷമായപ്പോള്‍ യുവതിയുടെ വീട്ടുകാര്‍ കണ്ണൂര്‍ ഡിഎസ് പിക്ക് പരാതി നല്‍കുകയും, പൊലീസ് രാഗിലിനെ താക്കീത് ചെയ്ത് വിട്ടയയ്ക്കുകയുമായിരുന്നു.
ദന്തല്‍കോളജില്‍ ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന മാനസ സുഹൃത്തുക്കളുമൊത്ത് വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇത് അറിയാവുന്ന പ്രതി കഴിഞ്ഞ ഒരു മാസമായി കോളജിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ മുറിയില്‍ പ്ലൈവുഡ് തൊഴിലാളി എന്ന വ്യാജേന താമസിച്ചുവരികയായിരുന്നു.
ഇന്നലെ ഉച്ചയോടെ സുഹൃത്തുമൊത്ത് വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ രാഗില്‍ ഇവരുടെ അടുത്തേയ്ക്ക് കയറിചെല്ലുകയായിരുന്നു. ഇയാളെ കണ്ടതും എന്തിനാണ് ‘നീ ഇവിടേയ്ക്ക് വന്നതെന്ന്’ മാനസ ചോദിച്ചെങ്കിലും രാഗില്‍ തൊട്ടടുത്ത മുറിയിലേയ്ക്ക് മാനസയെ ബലമായി കൊണ്ടുപോയി അവിടെ വച്ച് നിറയൊഴിക്കുകയായിരുന്നു. യുവതി നിലത്തുവീണയുടനെ രാഗിലും സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
കൂട്ടുകാരികളുടെ കരച്ചില്‍ കേട്ട് എത്തിയ സമീപവാസികളാണ് മുറിയുടെ വാതില്‍ തകര്‍ത്ത് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍.
0 Comments