Latest Posts

സജാദ് തങ്ങൾ ശാസ്താംകോട്ടയിൽ എത്തി; നാല്പത്തഞ്ച് വർഷത്തെ കഥകളുണ്ട് അദ്ദേഹത്തിന് പറയാൻ, നമുക്ക് കേൾക്കാനും

ഇൻഷാദ് സജീവ്

ശാസ്താംകോട്ട : 1976 ൽ സംഭവിച്ച വിമാനപകടത്തിൽ മരിച്ച റാണി ചന്ദ്രയ്ക്ക് കൊല്ലവുമായി ബന്ധമില്ല പക്ഷേ കൊല്ലക്കാരനുമായി അവർക്ക് സൗഹൃദമുണ്ടായിരുന്നു കൊല്ലം സ്വദേശിയായ തങ്ങൾ കുഞ്ഞുമായി, പിന്നീട് പാസ്പോർട്ടിലൂടെ സജാദ് തങ്ങളായി മാറിയ ശാസ്താംകോട്ടക്കാരനുമായി. 

നാല്പത്തഞ്ച് കൊല്ലം തൻ്റെ മകനു വേണ്ടി കാത്തിരുന്ന ഒരു തൊണ്ണൂറ്റി രണ്ടുകാരിയായ ഉമ്മയുണ്ട് ഈ പറഞ്ഞ സജാദ് തങ്ങളുടെ വീട്ടിൽ, 1976 ൽ തൻ്റെ മകൻ ഒരു വിമാനാപകടത്തിൽ മരിച്ചുവെന്നാണ് അവർക്ക് ഔദ്യോഗികമായി ലഭിച്ച വിവരം എന്നാൽ കുറച്ച് ദിവസങ്ങൾ കഴിയെ കൊല്ലം പ്രാക്കുളം സ്വദേശിയും ആ സമയത്ത് അബുദാബിയിലുണ്ടായിരുന്നതുമായ സുഹൃത്ത് സജാദിൻ്റെ ബന്ധുക്കൾക്ക് കത്തെഴുതി "സജാദ് മരിച്ചിട്ടില്ല, ആ വിമാനത്തിൽ അദ്ദേഹം കയറിയില്ലായിരുന്നു" ഇതായിരുന്നു എഴുത്തിൻ്റെ ഉള്ളടക്കം പ്രതീക്ഷയ്ക്ക് വക ലഭിച്ച അവർ കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷമായി തിരയുകയാണ് അദ്ദേഹത്തെ, ആ തിരച്ചിലിൽ നാല് തലമുറകളും ഒപ്പം കൂടിയിട്ടുണ്ട്.

നാട്ടിലെ സ്ഥിതി അതായിരുന്നെങ്കിൽ സജാദ് തങ്ങളുടെ അവസ്ഥ തകർന്നു വീണ വിമാനത്തേക്കാളും പരിതാപകരമായിരുന്നു ദാരിദ്ര്യം വന്ന് ഭവിച്ചത് സമ്പത്തിലല്ലായിരുന്നു തങ്ങളുടെ മനസ്സിലേക്കായിരുന്നു. വിമാനപകട സജാദ് തങ്ങളെ എതിരേറ്റത് എണ്ണിയാൽ തീരാത്ത നഷ്ടങ്ങളായിരുന്നു തൻ്റെ ആത്മമിത്രത്തെക്കൂടി ആ അപകടം കവർന്നുവെന്ന് മനസ്സിലാക്കിയ ആ മനസ്സ് ശബ്ദിക്കാൻ കഴിയാത്തതക്കവണ്ണം നിശ്ചലമായി മാറിയിരിക്കണം. നോട്ടം തിരിഞ്ഞാവുമ്പോൾ, നാട് ഗൾഫെന്ന് കേട്ടു തുടങ്ങുന്നതെ സജാദിലൂടെയാണെന്ന് കാലത്തെ ഖണ്ഡിച്ചു കൊണ്ട് നമുക്ക് പറയാൻ കഴിയും. കടയിലെ സഹായിയായി ജോലിക്ക് കയറിയ തങ്ങൾ, നാട്ടിൽ നിന്നും കലാകാരന്മാരെ വിദേശത്ത് കൊണ്ടുവന്ന് പ്രോഗ്രാമുകൾ നടത്തിയിരുന്നതായും നാട്ടിലറിവുണ്ട്.

ഒടുവിൽ മുംബൈയിലെ സീൽ ആശ്രമത്തിൽ നിന്ന് സജാദ് തങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കുമ്പോൾ ശാസ്താംകോട്ടക്കാരും കൊല്ലവും മാത്രമല്ല സന്തോഷിച്ചത് കേരളം ഒന്നാകെ അത് ആഘോഷമാക്കിയിരുന്നു, അതെ സജാദ് തങ്ങളെന്ന എഴുപത്തിയൊന്നുകാരൻ ശാസ്താംകോട്ടയിലെത്തി ട്രെയിനിലായിരുന്നു വരവ് പൗരപ്രമുഖർ മുതൽ ജനപ്രതിനിധികൾ വരെ വീട്ടിലേക്കുള്ള സജാദ് തങ്ങളുടെ അനുഗമത്തിന് സാക്ഷിയായി. നാല്പത്തിയഞ്ച് വർഷം എന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കുകയാണ് ഞാൻ, കാരണം വായിക്കുന്ന നിങ്ങൾ സജാദ് തങ്ങളുടെ അരികിലുണ്ടാകണം....... 

തൻ്റെ മകനെ കണ്ടപ്പോൾ പൊട്ടിയ സന്തോഷത്തിൻ്റെ അശ്രു മറ്റാരും കാണാതിരിക്കാൻ ഉമ്മ മുഖം താഴ്ത്തിയപ്പോൾ സജാദ് തങ്ങൾ ചുറ്റും നോക്കി തൻ്റെ യൗവ്വനത്തെ തിരയുകയായിരുന്നു, നഷ്ടപ്പെട്ട വർഷങ്ങൾ പോയിട്ട് ഒരു നിമിഷം പോലും തിരികെ തരാൻ ജീവിത യാഥാർത്ഥ്യത്തിന് കഴിയുകയില്ലെന്ന് ഇതിനോടകം തങ്ങൾ കുഞ്ഞിനും മനസ്സിലായിട്ടുണ്ടാകണം. 

എഴുപതിൻ്റെ കാലഘട്ടത്തിൽ ഇടയ്ക്കിടെ നാട്ടിലേക്ക് എത്തുന്ന തങ്ങളെ ഇന്നും ഓർമിക്കുന്നതായി ഒരു തലമുറ പറയുമ്പോൾ അവർക്ക് അത്രയ്ക്ക് പ്രിയപ്പെട്ടതായിരുന്നു സജാദ് തങ്ങളെന്ന് നമുക്ക് വ്യാഖ്യാനിക്കാം. ഒരു പക്ഷെ അവരുടെ സജാദ് തങ്ങൾക്കൊപ്പം കാണാതെ പോയ വർഷങ്ങളും തിരിച്ചു വരുമെന്ന പ്രതീക്ഷ തന്നെയാണ് ഇങ്ങനെയൊരു ആഗമനം പോലും സൃഷ്ടിച്ചത്.

0 Comments

Headline