Latest Posts

ചിക്കൻ പോക്സ് പോലെ പടരും: വാക്‌സിന്‍ സ്വീകരിച്ചവരിലും രോഗസാധ്യത, കൊവിഡ് ഡെൽറ്റ വകഭേദം മുന്നറിയിപ്പ്

കോവിഡിന്റെ ഡെൽറ്റ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കൻ പോക്സ് പോലെ പടരുമെന്നും റിപ്പോര്‍ട്ട്. അമേരിക്കന്‍ ആരോഗ്യ വിഭാഗത്തിലെ വിദഗ്ദരെ ഉദ്ധരിച്ച് യുഎസ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരിലും അല്ലാത്തവരിലും ഡെല്‍റ്റ വകഭേദം ഒരുപോലെ പടരുമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രെവെൻഷന്റെ രേഖകൾ പുറത്തുവിട്ട് ദി വാഷിംഗ്ടൺ പോസ്റ്റ് പത്രം വ്യക്തമാക്കുന്നു.

ഡെൽറ്റ വകഭേദം ഇന്ത്യയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. മെർസ്, സാർസ്, എബോള തുടങ്ങിയ രോഗങ്ങളെക്കാൾ രോഗവ്യാപന ശേഷി ഡെൽറ്റ വകഭേദത്തിനുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ആഴ്‌ചതോറും അമേരിക്കയിലെ വാക്സിനെടുത്ത 35,000 പേരിൽ രോഗലക്ഷണങ്ങളോടെ ഡെൽറ്റ വകഭേദം സ്ഥിരീകരിക്കുന്നുണ്ട്. യഥാർത്ഥ രോഗബാധ ഇതിലും കൂടുതലാകാനാണ് സാധ്യത. എന്നാല്‍ വാക്സിനുകൾ ഗുരുതര രോഗബാധ ഒഴിവാക്കാൻ സഹായിക്കുമെന്നും രോഗപ്പകർച്ച തടയാൻ വാക്സിന് പരിമിതിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, ചൈനയില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. ചൈനീസ് നഗരമായ നാന്‍ജിങ്ങില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര്‍ ഇപ്പോള്‍ അഞ്ചോളം പ്രവിശ്യകളിലേക്കും ബീജിങ്ങിലേക്കും വ്യാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ചൈനീസ് ഭരണകൂടം. ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിങ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 ഡെല്‍റ്റ വകഭേദം അതിവേഗത്തിലാണ് പടര്‍ന്ന് പിടിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

0 Comments

Headline