banner

"വിശ്വാസിയുടെ ജീവിതം നന്മകളാല്‍ സമ്പന്നമാകണം"; അറഫയിൽ നിന്ന് പ്രസരിച്ച വിശ്വസന്ദേശം.


ദുല്‍ഹിജ്ജ 1442 – ജൂലൈ 2021

പ്രപഞ്ച നാഥനോടും ലോകത്തുള്ള മുഴുവൻ മനുഷ്യരോടും ജീവജാലങ്ങളോടും നന്മ ചെയ്യണമെന്നും വിശ്വാസിയുടെ ജീവിതം ന്മകളാല്‍ സമ്പന്നമാകണം എന്നുമുള്ള ഇസ്ലാമിന്റെ മൌലവിക സന്ദേശം, അറഫയിലൊരുമിച്ചു കൂടിയ ആയിരക്കണക്കിന് ഹാജിമാരെ സാക്ഷിനിര്‍ത്തി ശൈഖ് ബന്ദര്‍ ബ്ന്‍ അബ്ദില്‍ അസീസ് ബലീല ലോകത്തിനു സമ്മാനിച്ചു.

നന്മ ചെയ്യുന്നവരോടൊപ്പമാണ് അല്ലാഹു. അല്ലാഹുവിനെ സൂക്ഷിച്ച് ക്ഷമയോടെ ജീവിക്കുന്നവനെ അല്ലാഹു സംരക്ഷിക്കുന്നതാണ്. ഭക്തിയും നന്മയും ഒരു വിശ്വാസിയിലെ കാതലായ വശങ്ങളാണ്. എല്ലാവരോടും നന്മ ചെയ്യുക എന്നത് അല്ലാഹുവിൽ നിന്നുള്ള കണിശമായ ശാസനായാണ്.

അല്ലാഹുവിന്ന് നിര്‍വഹിക്കുന്ന ഇബാദത്തുകളില്‍ നിന്നു തുടങ്ങണം വിശ്വാസിയുടെ ഇഹ്‌സാന്‍ അഥവാ നന്മ. അവന്‍ ചെയ്യുന്ന ഏറ്റവും മികച്ച നന്മ  തന്റെ വിശ്വാസ ആദര്‍ശത്തില്‍ അഥവാ തൗഹീദില്‍ കാണിക്കുന്ന ഇഹ്‌സാനാണ്. അല്ലാഹുവിനെയല്ലാതെ ആരാധിക്കരുത്, അവനോടല്ലാതെ പ്രാര്‍ത്ഥിക്കരുത്. അവനെയല്ലാതെ ആശ്രയിക്കരുത്. ചുരുക്കത്തില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ സാക്ഷ്യ വചനത്തോട് നീതി പുലര്‍ത്തിയാകണം വിശ്വാസിയുടെ ജീവിതം.

നമസ്‌കാരം, വ്രതാനുഷ്ഠാനം, ഹജ്ജ്  തുടങ്ങിയ ആരാധനാ കർമ്മങ്ങളിൽ നിഷ്ഠ പുലർത്തണം. സാമ്പത്തിക രംഗത്ത് സൂക്ഷ്മത പാലിക്കണം. അത് നന്മയാണ്, പ്രതിഫലാർഹമാണ്.

അല്ലാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങളിൽ നാം നന്ദിയുള്ളവരാകണം. അവന്‍ നമുക്ക് ചെയ്തു തന്ന നന്മകള്‍ക്ക് കണക്കില്ല.  ശൂന്യതയില്‍ നിന്ന് നമ്മെയവന്‍ സൃഷ്ടിച്ചു. ആകാശ ഭൂമികളെ നമുക്കായി സംവിധാനിച്ചു. ഭൂമിയില്‍ സൗകര്യങ്ങളൊരുക്കിത്തന്നു. ജീവിത വിജയത്തിനു സന്മാർഗ്ഗം പകരാന്‍ അന്തിമ പ്രവാചകനെ നിയോഗിച്ചു. അദ്ദേഹത്തിലൂടെ വിശുദ്ധ ഖുർആന്‍ അവതരിപ്പിച്ചു.

മാതാപിതാക്കളോടും ബന്ധുക്കളോടും അടുത്ത കുടുംബക്കാരോടും അയൽപ്പക്കക്കാരോടും നന്മ പുലർത്തി വേണം വിശ്വാസികള്‍ ജീവിക്കാന്‍.

ജീവിക്കുന്ന രാജ്യത്തിനും സമൂഹത്തിനും നന്മകള്‍ ചെയ്യാന്‍ ശ്രദ്ധ കാണിക്കണം. സമൂഹത്തിന് ഉപദ്രവമുണ്ടാക്കുന്ന യാതൊരുവിധ വിധ്വംസക പ്രവർത്തനങ്ങളിലും വിശ്വാസി ഏർപ്പെടാവതല്ല.

ഭാര്യമാരോട് ഏറ്റവും മാന്യമായ, നന്മനിറഞ്ഞ  വിധത്തിലാകണം വർത്തിക്കേണ്ടത്. ഭാര്യയിൽ നിന്ന് അനിഷ്ടകരമായതു കണ്ടാൽ അവരെ ഉപദേശിക്കുക. അവരെ പ്രയാസപ്പെടുത്തരുത്. അവരുടെ അവകാശങ്ങളെ ഹനിക്കരുത്.

മാനുഷിക ബന്ധങ്ങളില്‍ നന്മചെയ്യാന്‍ ഇസ്ലാം അനുശാസിക്കുന്നുണ്ട്. തൊഴിലാളികളോട് മാന്യമായി പെരുമാറുക. അവരെ സഹോദരങ്ങളായി പരിഗണിക്കുക. അവരുമായുള്ള മുഴുവന്‍ കരാറുകളും പാലിക്കുക. ജോലിയില്‍ അവരെ സഹായിക്കുക.

ഓരോ വ്യക്തിയുടേയം മാതൃരാജ്യം പവിത്രമാണ്. പ്രസ്തുത പവിത്രത കാത്തുസൂക്ഷിക്കാന്‍ അതതു രാജ്യത്തിലെ വിശ്വാസിക്ക് ബാധ്യതയുണ്ട്. സ്വന്തം രാജ്യത്തെ കലഹങ്ങളില്‍ നിന്നും നാശങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നൂ എന്നത് വിശ്വാസി സ്വരാജ്യത്തോട് ചെയ്യുന്ന നന്മയാണ്.

മുഴുവന്‍ ജീവജാലങ്ങളോടും നന്മ ചെയ്യണം. എല്ലാ പച്ചക്കരളുള്ള ജീവിക്കു കരുണ ചെയ്യുന്നതിലും പ്രതിഫലമുണ്ട് എന്ന് പ്രവാചകനരുളിയിട്ടുണ്ട്.

ചുരുക്കത്തില്‍, വിശ്വാസിയുടെ ജീവിതം നന്മകളാല്‍ സമ്പന്നമാകണം. അത് അവന്റെ ആദര്‍ശ ബാധ്യതയാണ്. അവന്‍ ചെയ്യുന്ന സര്‍വ്വവിധ നന്മകള്‍ക്കും അല്ലാഹുവില്‍ നിന്ന് പ്രതിഫലമുണ്ട്. നന്മകള്‍ നിര്‍വ്വഹിക്കുകവഴി പശ്ചാത്താപത്തിന്റെ വാതില്‍ തുറക്കപ്പെടും. പാപങ്ങള്‍ പൊറുക്കപ്പെടും. പാരത്രിക വിജയം കരഗതമാകും.

Source : Nermozhi 

HIGHLIGHTS : Message of Faith from 'Arafah.

Post a Comment

0 Comments