banner

വില്ലേജ് ഓഫീസുകള്‍ക്കും ഇനി സ്വന്തമായി വാഹനം; എത്തുന്നത് ഇലക്ട്രിക് കാറുകള്‍.

പതിറ്റാണ്ടുകളായി സ്വന്തമായി വാഹനമോ യാത്രാപ്പടിയോ നൽകാത്തതിനാൽ പ്രയാസമനുഭവിച്ചിരുന്ന വില്ലേജ് ഓഫീസർമാർക്കും വാഹനമാകുന്നു. ഓഫീസർമാർക്ക് ഇരുചക്രവാഹനം നൽകാനായി വർഷങ്ങളായി നടക്കുന്ന ആലോചന ഒരുപടികൂടി കടന്നിരിക്കുകയാണ്. ഇലക്ട്രിക് കാർ നൽകാനാകുമോയെന്ന പരിശോധനയാണ് ലാൻഡ് റവന്യൂ കമ്മീഷണർ ആരംഭിച്ചിട്ടുള്ളത്.

സർട്ടിഫിക്കറ്റുകൾക്കും പ്രകൃതിദുരന്ത സമാശ്വാസത്തിനും നികുതിയടവിനുമെല്ലാം ജനം ഓടിയെത്തുന്ന വില്ലേജിൽ ഓഫീസർമാർക്ക് പല ആവശ്യത്തിനും യാത്ര ആവശ്യമാണെങ്കിലും ഇപ്പോഴും വാഹനമില്ല. യാത്രാബത്തയായി നൽകുന്നത് പ്രതിമാസം 350 രൂപമാത്രം. സംസ്ഥാനത്തെ മറ്റെല്ലാ ഓഫീസുകളിലും ഇരുചക്ര-നാലുചക്ര വാഹനങ്ങളായിട്ടും ഇവർക്കുമാത്രം വാഹനമില്ലാത്ത പ്രയാസത്തിന് അറുതിവരുത്താൻ 2011-ൽ റവന്യൂവകുപ്പ് ശ്രമംനടത്തിയിരുന്നു.

എന്നാൽ സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് തടസ്സം നിൽക്കുകയായിരുന്നു. പലപ്പോഴും ആവശ്യക്കാർ കൊണ്ടുവരുന്ന വാഹനത്തിൽ ഓഫീസർ പോകേണ്ടിവരുന്നതിനും അഴിമതി വ്യാപകമാകുന്നതിനും ഈ പ്രശ്നം വഴിവെക്കുകയും ചെയ്തിരുന്നു. പുതിയ റവന്യൂ മന്ത്രി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ പ്രധാന ആവശ്യമായി ഉയർന്നുവന്ന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. ഇതേത്തുടർന്നാണ് വാഹനം അനുവദിക്കുന്നതിനുള്ള വിവരശേഖരണം കമ്മീഷണർ ആരംഭിച്ചിട്ടുള്ളത്.

വില്ലേജ് ഓഫീസുകളിൽ ഉപയോഗിക്കാൻ ഇലക്ട്രിക് കാർ അനുയോജ്യമാണോയെന്നും ഒരു വാഹനം അടുത്തടുത്തുള്ള മൂന്നോ നാലോ ഓഫീസുകൾക്കു മാറി മാറി ഉപയോഗിക്കാനാകുമോയെന്നുമാണ് അന്വേഷിക്കുന്നത്. ഇതിനായി വില്ലേജിന്റെ വിസ്തൃതി, ജനസംഖ്യ, ഭൂമിശാസ്ത്രപരമായ ഘടന എന്നിവ പരിശോധിച്ച് തിങ്കളാഴ്ച മൂന്നുമണിക്കകം റിപ്പോർട്ട് ജില്ലാകളക്ടർമാർ നൽകണമെന്നാണു നിർദേശം. വാഹനം നൽകിയാൽ മാറി മാറി ഉപയോഗിക്കുന്ന വില്ലേജുകളുടെ പട്ടിക താലൂക്കടിസ്ഥാനത്തിൽ ഇതിൽ ചേർക്കണം.

ഇത്തരത്തിൽ ഒരു ജില്ലയിൽ എത്ര വാഹനം വേണ്ടിവരുമെന്നു കണ്ടെത്തി സംസ്ഥാനത്താകെ വേണ്ട വാഹനങ്ങളുടെ എണ്ണവും സാമ്പത്തികബാധ്യതയും കണ്ടെത്താനാണു ശ്രമം. ഇന്ധനവില അനുദിനം വർധിക്കുമ്പോൾ അത്തരം വാഹനങ്ങൾ നൽകിയാൽ ആയിനത്തിലും വലിയ ബാധ്യത സർക്കാർ വഹിക്കേണ്ടി വരുമെന്നതിനാലാണ് താരതമ്യേന ചെലവുകുറഞ്ഞ ഇലക്ട്രിക് കാറെന്ന ആശയം മുന്നോട്ടുവെച്ചിട്ടുള്ളത്.

Post a Comment

0 Comments