banner

‘ഓപ്പറേഷന്‍ അക്ക’; 74 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ, ലോക്കിട്ടത് കോയമ്പത്തൂരിലെത്തി

മലപ്പുറം : മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. രഹസ്യമായി എത്തിച്ച കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

74 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതിന് പുറമേ 37,000 രൂപയും കണ്ടെടുത്തു.
മഞ്ചേരി എക്സൈസ് സർക്കിൾ പാർട്ടിയും, മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യുറോയും, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

              കേസിൻ്റെ നാൾവഴി

കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മയക്ക്മരുന്ന് ലോബിയെ കോയമ്പത്തൂരില്‍ പോയി മലപ്പുറം എക്‌സൈസ് സംഘം പൊക്കി. കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ പത്തര കിലോഗ്രാം കഞ്ചാവ് കാറില്‍ കടത്തവേ മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ , മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് ബ്യുറോ, എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും എക്സൈസ് ഇന്റലിജന്‍സ് ബ്യുറോ നടത്തിയ രഹസ്യാന്വേഷണത്തിലും കേരളത്തിലേക്ക് കമ്പം, മേട്ടുപ്പാളയം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് കടത്തുന്ന അക്ക എന്ന മുരുഗേശ്വരി, അമീര്‍ എന്നിവരുടെ കഞ്ചാവ് സൂക്ഷിക്കുന്ന രഹസ്യ കേന്ദ്രങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നത്.

കേസിലെ ഒന്നാം പ്രതിയായ പരപ്പനങ്ങാടി ചെട്ടിപ്പടി ഹാജ്യാരകത്ത് വീട്ടില്‍ അമീറിനെ മഞ്ചേരി സബ് ജയിലില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി കോയമ്പത്തൂരില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടിടങ്ങളിലായി സൂക്ഷിച്ചു വെച്ച 74 കിലോ കഞ്ചാവ്, മുപ്പത്തി ഏഴായിരം രൂപ എന്നിവയും കണ്ടെടുത്തു. കഞ്ചാവ് കച്ചവടത്തിലൂടെ പ്രതികള്‍ സമ്പാദിച്ച സ്വത്തുകളെ കുറിച്ചും എക്സൈസ് സംഘം വിവരം ശേഖരിച്ചിട്ടുണ്ട്.

അമീറും അക്കയും 2 വര്‍ഷം മുന്‍പ് അഞ്ചര കിലോ കഞ്ചാവ് കടത്തിയ കേസില്‍ തമിഴ്‌നാട്ടില്‍ കമ്പം പോലീസ് അറസ്റ്റിലായി ജയിലില്‍ കിടന്നിട്ടുണ്ട്. ‘ഓപ്പറേഷന്‍ അക്ക’ എന്ന പേരില്‍ മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ടീം രൂപീകരിച്ചാണ് തമിഴ് നാട്ടില്‍ പോയി കേസിലെ ബാക്കി തൊണ്ടി മുതലുകള്‍ കണ്ടെടുത്തത്.

പരിശോധനയില്‍ മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍ നിഗീഷ് , മഞ്ചേരി റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ജിനീഷ്, മലപ്പുറം ഐ ബി ഇന്‍സ്പെക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖ്, എക്സൈസ് കമ്മീഷണര്‍ ഉത്തര മേഖല സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന്‍, ഐ ബി പ്രിവന്റിവ് ഓഫീസര്‍ സൂരജ് വി കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ആസിഫ് ഇഖ്ബാല്‍, ഡബ്ല്യുസിപിഒ നിമിഷ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍, സതീഷ്, സുഭാഷ്, ഷബീറലി, ഷംനാസ്, എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments