ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ എൻജിനീയറിങ് വിദ്യാർഥിനിയെ പട്ടാപ്പകൽ റോഡിൽ കുത്തിക്കൊന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സ്വകാര്യ എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥി രമ്യശ്രീ(20) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടൂർ നഗരത്തിൽ ഞായറാഴ്ച പകലായിരുന്നു സംഭവം. കേസിൽ പ്രതിയായ ശശികൃഷ്ണ(22)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച, കാകനി റോഡിൽകൂടി രമ്യശ്രീ നടക്കുമ്പോൾ ശശികൃഷ്ണ ബൈക്കിലെത്തി കയറാൻ ആവശ്യപ്പെട്ടു. ഇതു നിഷേധിച്ചപ്പോൾ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് രമ്യശ്രീയുടെ കഴുത്തിലും വയറിലും തുടരെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശശികൃഷ്ണയും ശ്രമിച്ചിരുന്നു. സിസിടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
രമ്യശ്രീയും ശശികൃഷ്ണയും ആറു മാസം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. എട്ടാം ക്ലാസിൽ പഠനം നിർത്തിയ ശശികൃഷ്ണ, ഓട്ടമൊബീൽ കടയിലാണ് ജോലിചെയ്തിരുന്നത്. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അടുത്തിടെ ശശികൃഷ്ണ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതാണ് ഇപ്പോൾ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.
0 Comments