Latest Posts

ലോകത്തിന്റെ കരളലിയിച്ച് അഫ്ഗാനിസ്ഥാന്‍; രോഗിയായ കുഞ്ഞിനെ ബോക്സില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍


അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ കാബൂളില്‍ നിന്നും പുറത്തുവരുന്നത് കരളലിയിക്കുന്ന കാഴ്ചകളാണ്. പുതിയ ഭരണകൂടത്തിൽ നിന്ന് രക്ഷനേടാന്‍ നൂറുകണക്കിനാളുകളാണ് രാജ്യത്ത് നിന്നും പലായനംചെയ്യാന്‍ ശ്രമിക്കുന്നത്. കാബൂൾ വിമാനത്താവളത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവവികാസങ്ങള്‍ മനുഷ്യത്വത്തെ മരവിപ്പിക്കുന്നതാണ്. വിമാനത്താവളം താലിബാന്‍ സര്‍ക്കാര്‍ അടയ്ക്കുന്നതിനുമുമ്പ് കാബൂളിൽ നിന്ന് പുറപ്പെടുന്ന അവസാന വിമാനങ്ങളിൽ കയറാൻ ആളുകൾ തിക്കിതിരക്കുകയാണ്. താലിബാൻപിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി നൂറുകണക്കിന് അഫ്ഗാൻകാർ വിമാനങ്ങളിലേക്ക് ഇരച്ചുകയറി.

ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാഭടന്മാർ നടത്തിയ വെടിവെപ്പിൽ അഞ്ച് പേര്‍ മരിച്ചിരുന്നു. ഒരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ദയനീയ ദൃശ്യങ്ങളാണ് കാബൂളില്‍ നിന്ന് പുറത്തുവന്നത്. കഴിഞ്ഞ ദിവസം ഏതുവിധേനയും അഫ്ഗാനില്‍ നിന്നും രക്ഷപ്പെടാന്‍ വിമാനത്തിന്റെ ചക്രങ്ങളില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു പേരുടെ ദാരുണാന്ത്യമാണ് ലോകമനസാക്ഷിയെ ഞെട്ടിച്ചത്. വിമാനത്തിന്റെ ടയറില്‍ സ്വയം ബന്ധിച്ചാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. വിമാനം പൊങ്ങി ഉയരത്തിലെത്തിയതോടെ കെട്ടഴിഞ്ഞ് ഇവര്‍ താഴെ വീഴുകയായിരുന്നു. ആ ദൃശ്യങ്ങള്‍ക്ക് പിന്നാലെ മറ്റൊരു വേദനജനകമായ കാഴ്ചയ്ക്കാണ് കാബൂൾ വിമാനത്താവളം വേദിയായത്. ഒരു പ്ലാസ്റ്റിക് ബോക്സില്‍ മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ടുപോയ പെണ്‍ കുഞ്ഞിന്റെ ചിത്രങ്ങളാണ് ലോകത്തിനു വേദന സമ്മാനിച്ചത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യൽ മീഡിയകള്‍ വഴി വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്.


 
പ്ലാസ്റ്റിക് ബോക്സില്‍ സ്വന്തം മാതാപിതക്കളെ കാണാതെ കരയുന്ന ഒരു കുഞ്ഞ്. ഏഴുമാസം പ്രായം വരുന്ന ആ പെൺകുട്ടി രോഗിയാണെന്നും റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ലഘൂകരിക്കുന്നതിൽ പരാജയപ്പെട്ടതിന് ലോകശക്തികൾക്കും അന്താരാഷ്ട്ര ഏജൻസികൾക്കുമെതിരെ വിമര്‍ശനമുയര്‍ത്തുന്നവര്‍ ഈ കുരുന്നു ജീവന്റെ ചിത്രങ്ങളുയര്‍ത്തിയാണ് രംഗത്തെത്തിയത്. അവര്‍ ഈ ചിത്രത്തെ ദുഃഖകരമായ ചിത്രം എന്നാണ് വിശേഷിപ്പിക്കുന്നത്.

0 Comments

Headline