banner

പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു, നീണ്ട പോരാട്ടത്തിന് ശേഷം അഫ്ഗാനിസ്ഥാൻ കീഴടങ്ങുന്നു; അധികാര കൈമാറ്റം ഉടനെന്ന് സൂചന

കാബൂൾ : അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായി റിപ്പോർട്ടുകൾ, ഭരണം താലിബാന്‍റെ കൈകളിലേക്ക് വൈസ് പ്രസിഡൻ്റ് അമിറുള്ള സാലെയും പലായനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. എവിടേയക്കാണ് ഇവർ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. അഫ്ഗാൻ മാധ്യമമായ ടോളോ ന്യൂസ് അടക്കമുള്ളവരാണ് ആദ്യം വാർത്ത റിപ്പോർട്ട് ചെയ്തത്, പിന്നാലെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വാർത്ത സ്ഥിരീകരിച്ചു. വൈസ് പ്രസിഡൻ്റ് അമിറുള്ള സാലെയും പലായനം ചെയ്തു. എവിടേയക്കാണ് ഇവർ രക്ഷപ്പെട്ടതെന്ന് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. കാബൂൾ എല്ലാ വശത്ത് നിന്നും വളയപ്പെട്ടതോടെ അധികാരം താലിബാന് കൈമാറാൻ അഫ്ഗാൻ സർക്കാർ നിർബന്ധിതരാകുകയായിരുന്നു. നഗരത്തിന്റെ നാലുപാടും താലിബാൻ വളഞ്ഞിരിക്കുകയാണെന്നു മന്ത്രിസഭയിലെ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പ്രതികരിച്ചിരുന്നു.
കാബൂൾ താലിബാൻ വളഞ്ഞതിനു പിന്നാലെ, സമാധാനപരമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അബ്ദുൽ സത്താർ മിർസാക്‌വാൽ പറഞ്ഞു. ‘അഫ്ഗാനിലെ ജനങ്ങൾ‌ ഒന്നുകൊണ്ടും ഭയക്കേണ്ടതില്ല. നഗരത്തിൽ അക്രമങ്ങൾ ഉണ്ടാകില്ല. അധികാര കൈമാറ്റം സമാധാനപരമായിരിക്കും’– അദ്ദേഹം പറഞ്ഞു. കാബൂളിന്റെ പല സ്ഥലങ്ങളിൽനിന്നും വെടിയൊച്ചകൾ കേട്ടെന്നും രാജ്യാന്തര പങ്കാളികൾക്കൊപ്പം നിലയുറപ്പിക്കുന്ന സുരക്ഷാ സേനയ്ക്കുതന്നെയാണു നഗരത്തിന്റെ നിയന്ത്രണമെന്നും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.

എന്നാൽ കാബൂളിലേക്കു കടന്ന താലിബാൻ, പ്രസിഡന്റിന്റെ കൊട്ടാരം ലക്ഷ്യമാക്കി നീങ്ങുന്നെന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. കാബൂളിനു മൂന്നു മാസം പോലും പിടിച്ചു നിൽക്കാനാകില്ലെന്നു യുഎസ് ഇന്റലിജൻസ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പു നൽകിയിരുന്നു. കാബൂളിലെ പല ഉദ്യോഗസ്ഥരും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിയതായി നാറ്റോ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. അപകടങ്ങൾ ഒഴിവാക്കുകയാണു ലക്ഷ്യമെന്നും വെടിവയ്പിന് ഉത്തരവിട്ടിട്ടില്ലെന്നും താലിബാൻ റോയിട്ടേഴ്സിനോടു വ്യക്തമാക്കി. സായുധ പോരാട്ടത്തിലൂടെ രാജ്യം പിടിച്ചടക്കാൻ താൽപര്യമില്ലെന്നു പറഞ്ഞ താലിബാൻ, അഫ്ഗാൻ സേനയോടു പിന്മാറാൻ മുന്നറിയിപ്പു നൽകി.

വിഷയത്തിൽ പ്രസിഡന്റ് ഗനി പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച പുലർച്ചെ പോരാട്ടം ഇല്ലാതെതന്നെ കിഴക്കൻ പട്ടണമായ ജലാലാബാദ് താലിബാൻ പിടിച്ചെടുത്തിരുന്നു. ഇതോടെ അഫ്ഗാനിലെ പ്രധാന ഹൈവേകളിൽ ഒന്നിന്റെ സമ്പൂർണ നിയന്ത്രണവും താലിബാനായി. സമീപപ്രദേശവും പാക്കിസ്ഥാൻ അതിർ‌ത്തിയുമായ തൊർഖാമും താലിബാന്റെ നിയന്ത്രണത്തിലായതോടെ കാബൂൾ വിമാനത്താവളം മാത്രമായിരുന്നു അഫ്ഗാനിൽനിന്നു പുറത്തുകടക്കാനുള്ള ഏക മാർഗം.

വിമാനത്താവളം വളഞ്ഞെന്നും സർവീസുകൾക്ക് അനുമതിയുണ്ടെന്നുമാണു താലിബാന്റെ ഏറ്റവും ഒടുവിലത്തെ പ്രതികരണം. ‘നഗരവാസികളുടെ ജീവൻ രക്ഷിക്കാൻ താലിബാന്റെ നിർദേശങ്ങൾ അനുസരിക്കുക എന്ന വഴിയാണു മുന്നിലുണ്ടായിരുന്നത്’– ജലാലാബാദിലെ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാൾ വാർത്താ ഏജൻസിയോടു പറഞ്ഞു.

Post a Comment

0 Comments