banner

ഇനി മെസ്സിയില്ലാതെ ബാഴ്സ; കരാർ നീട്ടില്ല, മെസ്സി ഫ്രീ ഏജൻ്റായി തുടരും


മാഡ്രിഡ് : മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് അര്‍ജന്‍റീന സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ബാഴ്സലോണ വിട്ടു. മെസ്സിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്സ ഇന്ന് മെസ്സിയെ ഔദ്യോഗികമായി അറിയിച്ചു. ക്ലബ്ബിനായി മെസ്സി നല്‍കിയ സേവനങ്ങള്‍ക്ക് ബാഴ്സ നന്ദി അറിയിച്ചു.

ഈ സീസണൊടുവില്‍ ബാഴ്സയുമായുള്ള കരാര്‍ അവസാനിച്ച മെസ്സി ഫ്രീ ഏജന്‍റായിരുന്നു. തുടര്‍ന്ന് മെസ്സിക്കായി അഞ്ച് വര്‍ഷത്തേക്ക് നാലായിരം കോടി രൂപയുടെ കരാറാണ് ബാഴ്സ തയാറാക്കിയിരുന്നത്. എന്നാല്‍ സാമ്പത്തികകാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം മൂലം ഈ കരാര്‍ സാധ്യമായില്ല.

മെസ്സിയും അദ്ദേഹത്തിന്‍റെ പിതാവും ഏജന്‍റുമായ ജോര്‍ജെയും ബാഴ്സ പ്രസിഡന്‍റ് യുവാന്‍ ലപ്പോര്‍ട്ടയും ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കരാര്‍ സംബന്ധിച്ച് ധാരണയിലെത്താനായില്ല. തുടര്‍ന്നാണ് ഇത്രയും വലിയ തുകക്കുള്ള കരാര്‍ സാധ്യമാവില്ലെന്ന് ബാഴ്സ ഔദ്യോഗികമായി മെസ്സിയെ അറിയിച്ചതും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാര്‍ത്ത പുറത്തുവിട്ടതും. ലാ ലി ഗയുടെ കടുത്ത സാമ്പത്തിക നടപടിക്രമങ്ങളുടെ ഭാ ഗമായാണ് മെസ്സിയുമായുള്ള കരാർ സാധ്യമാവാതിരുന്നതിന് കാരണം.

ബാഴ്സയിൽ തുടരാൻ മെസ്സി ആ ഗ്രഹിക്കുന്നവെന്നും അദ്ദേഹത്തെ നിലനിർത്താൻ ബാഴ്സ ശ്രമിക്കുമെന്നും ക്ലബ്ബ് പ്രസിഡന്‍റായി ചുമതലയേറ്റെടുത്തശേഷം യുവാന്‍ ലാപ്പോര്‍ട്ട പറഞ്ഞിരുന്നു. മെസ്സിക്കായി ഏറ്റവും മികച്ച ടീമിനെ നൽകാനുള്ള ശ്രമത്തിലാണ് ബാഴ്സയെന്നും ലപ്പോർട്ട നേരത്തെ പറഞ്ഞിരുന്നു.

Post a Comment

0 Comments