banner

ബൂസ്റ്റർ ഡോസ് ആവശ്യമെന്ന് പഠനം, കൊറോണ വാക്സിൻ ഫലപ്രാപ്തി ആറുമാസത്തിനുള്ളിൽ ചുരുങ്ങുന്നതായി റിപ്പോർട്ട്


ലണ്ടൻ: കൊറോണ വാക്‌സിൻ നൽകുന്ന സംരക്ഷണം ആറ് മാസത്തിനുള്ളിൽ കുറയുമെന്ന് പുതിയ പഠനം.യുകെയിലെ ഗവേഷകരുടേതാണ് പഠനം. കൊറോണ വാക്‌സിനായ ഫൈസറിന്റെ ഫലപ്രാപ്തി അഞ്ച് മുതൽ ആറ് മാസത്തിനുള്ളിൽ 74% ആയി കുറയുന്നു.മറ്റൊരു വാക്‌സിൻ ആയ ആസ്ട്രാസൈനക്കയുടെ ഫലപ്രാപ്തി 67% ആയി കുറയുന്നു എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ബ്രിട്ടനിലെ സോയി കൊറോണ പഠന ആപ്പ് ശേഖരിച്ച വിവരങ്ങൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഒരു ലക്ഷത്തിലധികം ആപ്പ് ഉപയോക്താക്കൾ നൽകിയ വിവരങ്ങളാണ് ഗവേക്ഷകർ പഠനത്തിന് ഉപയോഗിച്ചത്.

വാക്‌സിനുകളുടെ സംരക്ഷണം ഇത്ര വേഗം കുറയുന്നത് ലോകം കോവിഡ് മുക്തമാകുന്നതിന്റെ വേഗം കുറയ്‌ക്കുമെന്ന് ഗവേഷകർ പറഞ്ഞു. ഇത്തരത്തിൽ വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയുന്നത് ബൂസ്റ്റർ ഡോസുകളുടെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഗവേഷകർ കൂട്ടിചേർത്തു.

ശൈത്യകാലത്ത് വാക്‌സിന്റെ സംരക്ഷണം 50% ആയി കുറയുന്നു. ഇത് വീണ്ടും സ്ഥിതിഗതികൾ രൂക്ഷമാക്കും. ഈ സാഹചര്യത്തിൽ കൊറോണ വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നൽകിയേ തീരുവെന്ന് ഗവേക്ഷകർ നിർദ്ദേശിച്ചു.

ലോകത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുകയാണ്.വികസ്വര രാജ്യങ്ങളിലേതടക്കം കോടിക്കണക്കിന് ജനങ്ങൾക്ക് ഇത് വരെ ആദ്യ ഡോസ് വാക്‌സിൻ പോലും ലഭിച്ചിട്ടില്ല. എന്നാൽ അമേരിക്ക പോലുള്ള പല വികസിത രാജ്യങ്ങളും മുഴുവൻ പൗരന്മാർക്കും ബൂസ്റ്റർ ഡോസ് ഉടൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. വാക്‌സിൻ ക്ഷാമം പരിഹരിക്കുന്നതിനായി ജനങ്ങൾ രണ്ട് ഡോസ് വാക്‌സിൻ എടുക്കുന്നതുവരെ വികസിത രാജ്യങ്ങൾ സഹകരിക്കണമെന്ന് അടുത്തിടെ ലോകാരോഗ്യസംഘടന അഭ്യർത്ഥിച്ചിരുന്നു. അതിനിടെയാണ് പുതിയ പഠനറിപ്പോർട്ട് പുറത്ത് വന്നത്.

Post a Comment

0 Comments