banner

യുവന്റസ് വിടാനൊരുങ്ങി ക്രിസ്റ്റ്യാനോ; യുണൈറ്റഡിലേക്കില്ലെങ്കിൽ, ഇനി എങ്ങോട്ട്?

ഇറ്റാലിയന്‍ സീരി എ ടീമായ യുവന്റസില്‍ നിന്നു മാറാനൊരുങ്ങി പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ യുവന്റസിന്റെ സീസണിലെ ആദ്യ മത്സരം കളിച്ച ശേഷമാണ് റൊണാള്‍ഡോ ഇത്തരത്തില്‍ തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം. പഴയ ക്ലബ്ബുകളായ റയല്‍ മാഡ്രിഡിലേക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കും തിരിച്ച് പോകുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരു ക്ലബുകളും താരത്തെ വേണ്ടെന്നു പറഞ്ഞതോടെ ഈ സീസണിലും യുവന്റസില്‍ തന്നെ തുടരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ റൊണാള്‍ഡോയെ ടീമിലെത്തിക്കാന്‍ ഫ്രഞ്ച് ക്ലബായ പി.എസ്.ജി. ഇപ്പോഴും താല്‍പര്യം പ്രകടിപ്പിക്കുകയാണ്.

കിലിയന്‍ എംബാപ്പെയ്ക്കായി റയല്‍ മാഡ്രിഡ് വലിയ തുക ഓഫര്‍ നല്‍കിയ സാഹചര്യത്തില്‍ യുവതാരം പോയാല്‍ പകരം റൊണാള്‍ഡോയെ എത്തിക്കാനാണ് പി.എസ്.ജി. നോട്ടമിടുന്നത്. നേരത്തെ തന്നെ റൊണാള്‍ഡോയ്ക്കായി അവര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ലയണല്‍ മെസി എത്തിയ സാഹചര്യത്തില്‍ റൊണാള്‍ഡോയെ കൂടി എത്തിക്കാന്‍ അവര്‍ക്ക് സാധിക്കില്ല എന്നു കരുതിയ സാഹചര്യത്തിലാണ് എംബാപ്പെയ്ക്കായി റയല്‍ പണമെറിഞ്ഞു കളിച്ചത്. എംബാപ്പെ പോകുന്നതോടെ റൊണാള്‍ഡോയ്ക്കായും പണം മുടക്കാന്‍ പി.എസ്.ജി. തയാറാകുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍. പി.എസ്.ജി. അധികൃതര്‍ കഴിഞ്ഞ ദിവസം റൊണാള്‍ഡോയുടെ ഏജന്റുമായി ചര്‍ച്ച നടത്തിയെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ റൊണാള്‍ഡോ പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കു പോകുമെന്നു ശ്രുതിയുണ്ടായിരുന്നു. എന്നാല്‍ സിറ്റി തന്നെ ഇക്കാര്യം നിഷേധിച്ചതോടെ അഭ്യൂഹങ്ങള്‍ അവസാനിച്ചു.

Post a Comment

0 Comments