തിരുവനന്തപുരം : ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടെങ്കിലും പോലീസ് പരിശോധന കർശനമാക്കേണ്ടതില്ലെന്ന് കളക്ടർമാരുടെ നിർദ്ദേശം. കടകളിലെത്തുന്നവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കേണ്ടതില്ലെന്നും സാമൂഹിക അകലം മാത്രം ഉറപ്പ് വരുത്തിയാൽ മതിയെന്നാണ് നിർദ്ദേശം. ഉത്തരവിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഇളവുകളെന്ന പേരിൽ നാട്ടിൽ കേട്ടുകേൾവിയില്ലാത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയതിനെതിരെ വ്യാപക പരാതികളാണ് ഉത്തരവ് നടപ്പാക്കിയ ആദ്യ ദിനം തന്നെ ഉയർന്നത്. വാക്സിൻ ലഭിക്കാത്തവർ 3 ദിവസത്തിലൊരിക്കൽ ആർടിപിസിആർ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. എന്നാൽ ഇതിനെതിരെ വ്യാപാരികളും പൊതുജനങ്ങളും പ്രതിഷേധവുമായെത്തി. ഈ സാഹചര്യത്തിലാണ് കളക്ടർമാർ താത്കാലികമായി നിർബന്ധിത പരിശോധന നടത്തേണ്ടതില്ലെന്ന് പോലീസിനോട് നിർദ്ദേശിച്ചത്.
ഇന്നലെ ഉദ്യോഗസ്ഥർ കടകളിലെത്തി കർശന നിബന്ധനകളായിരുന്നു നൽകിയിരുന്നത്. ഇത് പാലിക്കാത്ത ഉടമകൾക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു നിർദ്ദേശം. എന്നാൽ വ്യാപാരി സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ ഉത്തരവ് തിരിച്ചടിയാവുമെന്നും ജനവികാരം എതിരാവുമെന്നും തിരിച്ചറിഞ്ഞതോടെയാണ് ഉത്തരവ് പിൻവലിക്കുകയോ പുനപരിശോധിക്കുകയോ ചെയ്യാതെ കളക്ടർമാർ വാക്കാൽ ജില്ലാ പോലീസ് മേധാവിമരോട് നിർദ്ദേശം നൽകിയത്.
സാമൂഹിക അകല, മാസ്ക്ക്, എന്നിവ മാത്രം നിർബന്ധമാക്കിയാൽ മതിയെന്നാണ് നിലപാട്. എന്നാൽ നഗരപ്രദേശങ്ങളിൽ പോലീസ് ഇടപെടാതെ നിയന്ത്രങ്ങൾ എങ്ങനെ നടപ്പിലാക്കാനാവുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
0 Comments