banner

കൊല്ലത്തിൻ്റെ കൗരവപ്പെരുമ, പോരുവഴിയിലെ ദുര്യോധന ക്ഷേത്രത്തിന്റെ ചരിത്രമറിയാം

Updating......

വീഴ്ത്തപ്പെട്ടവനെ ആരാധിക്കുന്ന ഒരിടം, അങ്ങനെ തന്നെ പറഞ്ഞു പോകാം  മലനട ക്ഷേത്രത്തെക്കുറിച്ച്. മഹാഭാരത്തിലുടനീളം വെറുക്കപ്പെട്ട കഥാപാത്രവും, എക്കാലവും പാണ്ഡവരാൽ അപമാനിക്കപ്പെടുകയും തോൽവി ഏറ്റുവാങ്ങേണ്ട് വരികയും ചെയ്തവൻ ദുര്യോധനൻ. മഹാഭാരതത്തിൽ  അധർമ്മത്തിന്റെ പര്യായമെന്ന് പരാമർശിച്ചിട്ടും അതേ ദുര്യോധനനെ വാഴ്ത്തുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു പുണ്യസ്ഥലമാണ് കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരത്തി മലനട ക്ഷേത്രം.

കുന്നത്തൂർ താലൂക്കിൽ പോരുവഴി ഗ്രാമത്തിലാണ് ഈ ദുര്യോധനക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ശ്രീകോവിലോ വിഗ്രഹമോ ഇവിടെയില്ല. ആരാധനാമൂർത്തിയുടെ പ്രതീകമായി ആകെയുള്ളത് കെട്ടിയുയർത്തിയ ഒരു കൽത്തറ മാത്രം.ദുര്യോധനൻ എന്നല്ല മലനട അപ്പൂപ്പനെന്നാണ് ഇവിടെ ആരാധനമൂർത്തിക്ക് പേര്.കുറവ സമുദായത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ നിശ്ചയിക്കുന്നത് ഏഴു കരകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ്.

ക്ഷേത്രോല്പ്പത്തിയുമായി ബന്ധപ്പെട്ട് രണ്ട് ഐതിഹ്യങ്ങളാണ് പറഞ്ഞുകേൾക്കുന്നത്.ഒന്ന് മഹാഭാരതത്തിലെ നിഴൽക്കുത്തുമായി ബന്ധപ്പെട്ടതാണ്. മറ്റൊരു കഥ പാണ്ഡവരുടെ വനവാസ കാലവുമായി ചേർന്നുള്ളതും.

മലനട അപ്പൂപ്പനും നിഴൽക്കുത്തും

ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവർ ഐശ്വര്യസമൃദ്ധിയോടെ വാഴുന്ന കാലം. പാണ്ഡവരോട് അസൂയ പൂണ്ട ദുര്യോധനൻ ശകുനിയുടെ ഉപദേശപ്രകാരം അവരുടെ ഐശ്വര്യം ഇല്ലാതാക്കാൻ പല വഴികളും ആലോചിക്കുന്നു. നാനാദിക്കിലേക്കും ചാരന്മാരെ അയച്ച് പുതിയ പദ്ധതികളെക്കുറിച്ച് അന്വേിക്കുന്നതിനിടെയാണ് അതിലൊരാൾ ഭാരത മലയൻ എന്ന മന്ത്രവാദിയെക്കുറിച്ച് പറയുന്നത്.മഹാമാന്ത്രികനാണ്,നിഴൽകുത്തി ശത്രുക്കളെ വധിക്കാൻ കെൽപ്പുള്ള വ്യക്തിയാണ്. അതു കേട്ടതും മലയനെ കൂട്ടിക്കൊണ്ടുവരാൻ ദൂതനെ അയച്ചു. അദ്ദേഹത്തിന്റെ ശക്തി പരീക്ഷിക്കാൻ സുശർമ്മാവ് എന്ന ത്രിഗർത്തേശനെയും നിയോഗിച്ചു. മന്ത്രവാദി വരുമ്പോൾ കോട്ടവാതിൽക്കൽ തടയണമെന്നാണ് സുശർമ്മാവിനു കൊടുത്ത നിർദേശം. പറഞ്ഞതുപോലെ സംഭവിച്ചു. തന്ന തടഞ്ഞ കാവൽക്കാരനെ മന്ത്രവാദി തോല്പിക്കുകയും ചെയ്തു. സംതൃപ്തനായ ദുര്യോധനൻ ആവശ്യം അറിയിച്ചു. എന്നാൽ,യുധീഷ്ഠിരനോട് മമതയുള്ള ഭാരതമലയൻ ആദ്യം ആവശ്യം നിരാകരിച്ചു. പക്ഷേ,ദുര്യോധനന്റെ ഭീഷണിക്കു വഴങ്ങി ഒടുവിൽ നിഴൽകുത്തി പാണ്ഡവരെ വധിച്ചു.

ലഭിച്ച പാരിതോഷികങ്ങളുമായി വീട്ടിലെത്തിയ ഭർത്താവിൽ നിന്ന് കഥയറിഞ്ഞ മലയന്റെ ഭാര്യ കോപാകുലയായി. കുന്തീദേവിക്ക് പുത്രദുഖം ഉണ്ടാക്കിയ ഭർത്താവിന്റെ പ്രവൃത്തിയിൽ മനംനൊന്ത് സ്വന്തം മകനെ വധിച്ചു. ശേഷം,കുന്തീസന്നിധിയിലെത്തിയ അവരെ ശ്രീകൃഷ്ണൻ സമാധാനിപ്പിക്കുകയും പുത്രനെ പുനർജീവിപ്പിക്കുകയും ചെയ്തു.

ഈ നിഴൽകുത്ത് കഥയിലെ ഭാരതമലയന്റെ വാസസ്ഥലമായിരുന്നു പോരുവഴി എന്നാണ് ഒരു ഐതിഹ്യം.എന്നാൽ,ഇവിടെയെങ്ങനെ ഒരു ദുര്യോധനക്ഷേത്രം വന്നു എന്നതിനെ സാധൂകരിക്കുന്നതൊന്നും ഈ ഐതിഹ്യം പറഞ്ഞുവയ്ക്കുന്നില്ല. അതേസമയം,ഉത്സവത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നിഴൽകുത്ത് കഥകളി എന്നത് ഈ ഐതിഹ്യവുമായി ക്ഷേത്രത്തെ ചേർത്ത് നിർത്തുന്നു.

Updating................

Post a Comment

0 Comments