കഴിഞ്ഞ മാസം 26നാണ് രാവിലെ ബാങ്ക് തുറക്കാനെത്തിയ ജീവനക്കാരാണ് കവർച്ച നടന്നത് അറിഞ്ഞത്. മൂന്നു ദിവസത്തെ അവധിക്കുശേഷമാണ് ബാങ്ക് തുറന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബാങ്കിലെ അലാറവും, സിസിടിവിയും പ്രതി നശിപ്പിച്ചു. വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം പ്രതി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രില്ലറും, ഹൈഡ്രോളിക് കട്ടറും ഉപയോഗിച്ചാണ് അതിവിദഗ്ദമായി കവർച്ച നടത്തിയത്. കവർച്ചക്കു ശേഷം സിസിടിവിയുടെ ഡിവിആര്‍ പ്രതി കൊണ്ടു പോവുകയായിരുന്നു.
യാതൊരു തെളിവും അവശേഷിപ്പിക്കാതെ വളരെ ബുദ്ധിപരവും, വൈദഗ്ദ്യവുമായാണ് പ്രതി കവർച്ച ആസൂത്രണം ചെയ്തത്. ഇത് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പൊലീസിനെ വലച്ചു.
തുടർന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് ഐപിഎസിന്റെ നേതൃത്വത്തിൽ പാലക്കാട് ഡാൻസാഫ് സ്ക്വാഡ് ഉൾപ്പെടെ 20 അംഗ അന്വേഷണ സംഘത്തിന് രൂപം നൽകി അന്വേഷണം ഊർജ്ജിതമാക്കി.
പാലക്കാട് ഡിവൈഎസ്പി ശശികുമാർ, ആലത്തൂർ ഡിവൈഎസ്പി ദേവസ്യ, കസബ ഇൻസ്പെക്ടർ രാജീവ്, മീനാക്ഷിപുരം ഇൻസ്പെക്ടർ മാത്യൂസ്, കസബ എസ് ഐ അനീഷ്, കൊല്ലങ്കോട് എസ് ഐ ഷാഹുൽ എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും സംഘത്തിൽ പങ്കാളികളായി.
പ്രാഥമിക ഘട്ടത്തിൽ കെഎസ്ഇബി, ബിഎസ്എന്‍എല്‍ എന്നിവരുടെ സഹായത്തോടെ സംഭവ ദിവസവും, സമയവും നിശ്ചയിക്കാൻ കഴിഞ്ഞത് അന്വേഷണത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ചവിട്ടുപടിയായി. വൈദ്യുതി ബന്ധം വിഛേദിച്ച സമയം 24 ശനി രാത്രി 9.30 നും 10 നും ഇടയിലാണെന്ന് കണ്ടെത്തി. അതേ സമയം തന്നെ ഇൻറർനെറ്റ് ബന്ധവും വിഛേദിച്ചതായി കണ്ടെത്തി.
തുടർന്ന് അന്വേഷണ സംഘത്തെ വിവിധ ടീമുകളാക്കി പാലക്കാട് മുതൽ കോയമ്പത്തൂർ, തൃശൂർ, മലപ്പുറം വരെയുള്ള വിവിധ ലോഡ്ജുകൾ, സിസിടിവി കാമറകൾ, എംവിഡി കാമറകൾ എന്നിവ പരിശോധിച്ചു. കൂടാതെ മുൻകാലങ്ങളിൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കുറ്റവാളികളുടെ വിവരം ശേഖരിക്കുകയും, വിവിധ ജില്ലകളിലെയും, സംസ്ഥാനങ്ങളിലെയും പൊലീസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കൂടാതെ സൈബർ സെല്ലിൻ്റെ സഹായത്തോടെ നിരവധി മൊബൈൽ നമ്പരുകൾ പരിശോധിക്കുകയും ചെയ്തു.
ഒടുവിൽ സംഭവ സ്ഥലത്തിൽ നിന്നും ഏകദേശം അര കിലോമീറ്റർ മാറിയുള്ള സിസിടിവി ക്യാമറയിൽ രാത്രി പതിഞ്ഞ ഒരു നിഴൽ രൂപമാണ് കേസ്സിന് തുമ്പുണ്ടാവാൻ വഴിത്തിരിവായത്. ആ നിഴലിനെ പിന്തുടർന്ന് പുറകോട്ട് നടത്തിയ അന്വേഷണത്തിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു. പ്രതി വന്ന വാഹനവും, പ്രതി താമസിച്ച വിവിധ ലോഡ്ജുകളും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി സംഭവത്തിനു ശേഷം കാറിൽ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിലേക്ക് പോയതായി കണ്ടെത്തി.
പ്രതി സഞ്ചരിച്ച പാതയിൽ പൊലീസ് സംഘം മഹാരാഷ്ട്രയിലെത്തി. തുടർന്ന് പ്രതിയുടെ താവളമന്വേഷിച്ച് നാസിക്, പൂന, സത്താറ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ സത്താറയിലുള്ള ഒരു ആഡംഭര ഹോട്ടലിൽ നിന്നും വളരെ സാഹസികമായാണ് പ്രതിയെ വലയിലാക്കിയത്. പ്രതി കേരളത്തിലേക്ക് വന്ന ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ പാലക്കാട് കസബ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണ്ണം പ്രതി സത്താറയിൽ വില്പന നടത്തിയതായി പൊലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലെടുത്ത് മോഷണമുതലുകൾ വീണ്ടെടുക്കുന്നതിനായി അന്വേഷണ സംഘം മഹാരാഷ്ട്രയിലേക്ക് പുറപ്പെടുന്നതായിരിക്കും.
പ്രത്യേക അന്വേഷണ സംഘത്തിലെ എസ് ഐ എസ് ജലീൽ, ടി ആര്‍ സുനിൽകുമാർ, സുരേഷ് കുമാർ, ജോൺസൺലോബോ, റഹിം മുത്തു, ഉവൈസ് കമാൽ, പി എസ് നൗഷാദ്, സി എസ് സാജിദ്, ആര്‍. കിഷോർ, ആര്‍. കെ കൃഷ്ണദാസ്, യു സൂരജ് ബാബു, കെ. അഹമ്മദ് കബീർ, ആര്‍. വിനീഷ്, ആര്‍. രാജീദ്, കെ. ദിലീപ്, എസ്. ഷനോസ്, എസ്. ഷമീർ, മണികണ്ഠ ദാസ്, എസ് . സമീർ, സൈബർ സെൽ ഉദ്യോഗസ്ഥൻ വിനീത്, ഡ്രൈവർ എസ്‌സിപിഒ ബ്രീസ് എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണത്തിലുണ്ടായത്.
0 Comments