banner

തെരഞ്ഞെടുപ്പിലെ തോൽവി: സംഘടനാ ദൗർബല്യവും, നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വിനയായതായി കെപിസിസി സമിതി റിപ്പോർട്ട്‌


തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക്‌ കാരണം സംഘടനാ ദൗർബല്യവും സ്ഥാനാർഥി നിർണയത്തിലെ പോരായ്‌മയും നേതാക്കളുടെ പാരവയ്‌പുമാണെന്ന്‌ കെപിസിസി അന്വേഷണ സമിതികളുടെ റിപ്പോർട്ട്‌. ന്യൂനപക്ഷ സമുദായങ്ങൾ യുഡിഎഫിൽനിന്ന്‌ അകന്നതും തിരിച്ചടിയായതായി തോൽവി പഠിക്കാൻ നിശ്ചയിച്ച  അഞ്ച്‌ സമിതിയും  വിലയിരുത്തി. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്‌ നൽകിയ റിപ്പോർട്ടുകളിൽ തുടർനടപടിക്ക്‌ വിദഗ്‌ധസമിതിയെ നിയോഗിക്കാനാണ്‌ തീരുമാനം.

ഉമ്മൻചാണ്ടിയുടെ  മണ്ഡലമായ പുതുപ്പള്ളിയിൽ കോൺഗ്രസ്‌  ദുർബലമാണ്‌.  പാലക്കാട്  എ വി ഗോപിനാഥിന്റെ പ്രതികരണം ദോഷംചെയ്‌തു. ബേപ്പൂർ, പൊന്നാനി, പട്ടാമ്പി  മണ്ഡലങ്ങളിൽ പരിചിതരല്ലാത്തവരെയാണ്‌ സ്ഥാനാർഥികളാക്കിയത്‌. കോങ്ങാട്  ലീഗിന് നൽകിയത്‌  ഉചിതമായില്ല.  ബാലുശേരിയിൽ ധർമജൻ സംഘടനയുമായി ചേർന്നു പോയില്ല. അമ്പലപ്പുഴയിൽ കാലുവാരി. ഉദുമയിൽ ജാതീയ ചേരിതിരിവ് വളർത്തി. കാസർകോട്  നേതാക്കൾക്കിടയിൽ വ്യക്തിവിദ്വേഷം വളർന്നു.

കുന്നത്തുനാട് - ട്വന്റി- ട്വന്റിയുടെ സ്ഥാനാർഥിത്വം ദോഷമായി. കേരള കോൺഗ്രസ് - മുന്നണിമാറ്റം മധ്യകേരളത്തിൽ ക്ഷീണമായി. പി ജെ ജോസഫ് വിഭാഗത്തിന്റെ  സ്ഥാനാർഥികൾ  ജനപിന്തുണയില്ലാത്തവരായിരുന്നു. മാനന്തവാടിയിൽ മുൻമന്ത്രി പി കെ ജയലഷ്മിയുടെ സ്ഥാനാർഥിത്വമാണ് തോൽവിക്ക്‌ കാരണം.

പൗരത്വ വിഷയത്തിലെ ഇടപെടലിലൂടെ മുസ്ലിം സമുദായത്തിന്റെ  പിന്തുണ ഉറപ്പിക്കാൻ സിപിഐ എമ്മിന്‌ കഴിഞ്ഞു. നേമം, കൊല്ലം, തൃത്താല അടക്കം പല മണ്ഡലത്തിലെയും തോൽവിക്ക് ഇതു കാരണമായി.  സർക്കാരിന്റെ നാടാർ സംവരണ തീരുമാനം കാട്ടാക്കട, പാറശാല, അരുവിക്കര, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെ തോൽവിക്കിടയാക്കി.  കെ എ ചന്ദ്രൻ, വി സി കബീർ, പി ജെ ജോയി, കെ മോഹൻകുമാർ, കുര്യൻ ജോയി എന്നിവർ അധ്യക്ഷൻമാരായ അഞ്ച്, മൂന്നംഗ സമിതികളാണ് റിപ്പോർട്ടുകൾ സമർപ്പിച്ചത്.

Post a Comment

0 Comments