banner

മുകേഷിന്റെ മുഖത്ത് നോക്കി തെറി പറയേണ്ടി വന്നു; അനുഭവം പങ്ക് വെച്ച് സംവിധായകൻ തുളസീദാസ്

നടനും ഇപ്പോൾ കൊല്ലം എംഎൽഎയുമായ മുകേഷിന്റെ മുഖത്ത് നോക്കി തെറി പറയേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്ന് സംവിധായകൻ തുളസീദാസ്. താൻ സംവിധാനം ചെയ്ത് 1990ൽ പുറത്തിറങ്ങിയ കൗതുക വാർത്തകളുടെ വിജയത്തിന് ശേഷം ചിത്രത്തിൽ അഭിനയിച്ച മുകേഷ് അടുത്ത സിനിമയ്ക്ക് ഡേറ്റ് ചോദിച്ചപ്പോൾ വിലപേശൽ നടത്തിയെന്ന് സംവിധായകൻ പറഞ്ഞു. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് തുളസീ ദാസിന്റെ പ്രതികരണം. കൗതുക വാർത്തകൾ ഹിറ്റ് ആയതിന് ശേഷം മിമിക്സ് പരേഡിൽ കാസ്റ്റ് ചെയ്യാൻ വേണ്ടി താനും കലൂർ ഡെന്നിസും മുകേഷിനെ സമീപിച്ചെന്ന് തുളസീദാസ് പറഞ്ഞു.

എന്നെ കണ്ട ഉടനെ മുകേഷ് പറഞ്ഞു. ‘തുളസീ.. കൗതുക വാർത്തകളുടെ പ്രതിഫലം അല്ല കേട്ടോ, പ്രതിഫലം ഒക്കെ മാറി’ എന്ന്. ഞാനത് ചോദിച്ചില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി.

തുളസീദാസ്
ആരാണ് നിർമ്മാതാവെന്നും മിമിക്രി താരങ്ങളെ വെച്ചുള്ള കോമഡി സിനിമയാണെന്നും മുകഷേിനോട് പറഞ്ഞു. ‘അഡ്വാൻസ് വാങ്ങിക്കാം, പക്ഷെ ഈ സമയത്ത് സിദ്ദിഖ് ലാലിന്റെ സിനിമ തുടങ്ങുമെന്ന് പറഞ്ഞിട്ടുണ്ട്. അത് തുടങ്ങിയാൽ ചിലപ്പോൾ ഞാൻ പോവും. പിന്നെ സത്യൻ അന്തിക്കാടിന്റേയും സിനിമ പറഞ്ഞിട്ടുണ്ട്’ എന്ന് മുകേഷ് അറിയിച്ചു. എനിക്കിത് സഹിച്ചില്ല. അത് ഒരു എത്തിക്സിന് നിരക്കാത്ത സംഭാഷണമാണ്. എന്റെ നിർമ്മാതാവിന്റെ കൈയ്യിൽ നിന്ന് പൈസ വാങ്ങിയിട്ട് ആ സിനിമയ്ക്ക് വിളിച്ചാൽ പോകും എന്ന്. ഞാൻ അന്ന് മുകേഷിന്റെ മുഖത്ത് നോക്കി ഒരു തെറി വാക്ക് പറഞ്ഞു. സരിത നിൽക്കുന്നത് പോലും ഓർത്തില്ല. കലൂർ ഡെന്നീസും മുകേഷിനെ വഴക്ക് പറഞ്ഞു. മുകേഷ് അഭിനയിക്കേണ്ട എന്ന് പറഞ്ഞ് ഞാൻ റൂമിൽ നിന്ന് ഇറങ്ങിപ്പോന്നു.

അന്ന് 40,000 രൂപയാണ് കൗതുക വാർത്തകളിൽ മുകേഷിന് പ്രതിഫലമായി നൽകിയത്. ഒരു പക്ഷെ, 50,000 കൊടുക്കണമായിരിക്കും. മുകേഷ് കൂടുതൽ പ്രതിഫലം പ്രതീക്ഷിച്ചായിരിക്കാം അങ്ങനെ പറഞ്ഞത്.

തുളസീദാസ്

അല്ലെങ്കിൽ മിമിക്രി താരങ്ങളുടെ പടമായതിനാൽ ഒഴിവാക്കിയതാകാം. എന്താണെന്ന് എനിക്കറിയില്ല. സംഭവമറിഞ്ഞ് സിദ്ദിഖ് വന്നു. മുകേഷിന് വെച്ച വേഷം സിദ്ദിഖ് ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ കാര്യങ്ങൾ പറഞ്ഞ് ശരിയാക്കാമെന്നാണ് സിദ്ദിഖ് പറഞ്ഞത്. മുകേഷ് സിനിമയിൽ വേണ്ടെന്ന തീരുമാനത്തിൽ അപ്പോഴും ഞാൻ ഉറച്ചുതന്നെ നിന്നു. സിദ്ദിഖിനേയും ജ​ഗദീഷിനേയും നായകരാക്കി ചെയ്ത മിമിക്സ് പരേഡ് സൂപ്പർഹിറ്റായി നൂറ് ദിവസം ഓടി. നൂറാം ദിന ആഘോഷത്തിന് മുകേഷിനെ ക്ഷണിച്ചെങ്കിലും ഭാര്യയായിരുന്ന സരിതയാണ് വന്നതെന്നും തുളസീദാസ് കൂട്ടിച്ചേർത്തു.

തുളസീദാസ് മിമിക്സ് പരേഡിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയെങ്കിലും പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. തുളസീദാസ് സംവിധാനം ചെയ്ത പൂച്ചക്കാര് മണികെട്ടും, ശുദ്ധമദ്ദളം, മലപ്പുറം ഹാജി മഹാനായ ജോജി, മാണിക്യചെമ്പഴുക്ക, മന്ത്രികുമാരൻ, കില്ലാഡി രാമൻ എന്നീ ചിത്രങ്ങളിൽ മുകേഷ് പ്രധാന വേഷത്തിലെത്തിയിരുന്നു.

Post a Comment

0 Comments