banner

കൊല്ലത്തെ മികച്ച വെള്ളച്ചാട്ടം ഇവിടെയുണ്ട്; ടൂറിസം വകുപ്പ് കാണുന്നില്ലേ?, അനാസ്ഥയിൽ നഷ്ടം ലക്ഷങ്ങൾ

കൊല്ലം : ജില്ലയിലെ ടൂറിസ്റ്റ് സെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഇടം പിടിക്കാതെ പോയതും അതിമനോഹരിയുമായ വെള്ളചാട്ടമാണ് " പലകപ്പാറ വെള്ളചാട്ടം". നിരവധി പേരാണ് ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനായി എത്തിച്ചേരുന്നത്, ഇവരെല്ലാം മറ്റൊരാൾക്ക് കൂടി ഈ സ്ഥലത്തെ അടയാളപ്പെടുത്തി കൊടുക്കുമെന്നുള്ളത് തന്നെയാണ് ഇതിനെ മികച്ചതെന്ന് വിശേഷിപ്പിക്കാൻ കാരണം. കാടിന് സമാനമായി ചുറ്റപ്പെട്ട നിരവധി ചെറുവൃക്ഷങ്ങളുടെ ഇടയിലൂടെയാണ് പലകപ്പാറയിലേക്ക് എത്തിച്ചേരാനാകുക. പ്രകൃതിയെയും മണ്ണിനേയും തൊട്ടറിഞ്ഞ് കുട്ടികൾക്കും അവ പഠിപ്പിച്ച് നമ്മൾക്ക് ഒരു ദിവസത്തെ അവധി ആഘോഷത്തിന് എല്ലാം കൊണ്ടും അനുയോജ്യമായ ഇടമാണ് പലകപ്പാറ വെള്ളച്ചാട്ടം. പത്തനാപുരം, മുള്ളുമല ഫോറസ്റ്റ് ഓഫീസിന് സമീപമാണ് സ്ഥലം. ആദിവാസി വികസന സോസൈറ്റി സംസ്ഥാന പ്രസിഡൻ്റ് സന്തോഷ്  മുള്ളുമലയാണ് ഈ വിവരങ്ങൾ അഷ്ടമുടി ലൈവിനെ അറിയിച്ചത്. 

നിലവിൽ വനം പ്രദേശത്തിൻ്റെ അധീനതയിൽ ഉള്ളതാണ് ഈ സ്ഥലം ടൂറിസത്തിനായി ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ അനുമതി ലഭിക്കേണ്ടതുണ്ട്. എങ്കിലും ബാഹ്യമായ എതിർപ്പുകളെ അവഗണിച്ച് ചിലരെങ്കിലും ഇവിടേക്ക് എത്തിച്ചേരാറുണ്ട്.

എന്നാൽ ഇത്രത്തോളം മനോഹരമായ ഒരു സ്ഥലത്തെ ടൂറിസംവകുപ്പ് നിഷ്കരുണം അവഗണിക്കുകയാണെന്ന് ആരോപണമുണ്ട്. മാത്രമല്ല ഇങ്ങനെ അവഗണിക്കുന്നത് വഴി ഗവൺമെൻറ് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും പൊതു പ്രവർത്തകർ ചൂണ്ടികാട്ടുന്നു. നിലവിൽ ഇവിടെ എത്തിച്ചേരുന്നവർക്ക് സുരക്ഷയൊരുക്കാനും മറ്റ് ക്രമീകരണങ്ങൾക്കും വനംവകുപ്പിൻ്റെ അനുമതിവേണമെന്നും നാടിൻ്റെ വികസനത്തിനായി ഇവ പരിഗണിക്കണമെന്നുമാണ് പൊതുപ്രവർത്തകർ ഉന്നയിക്കുന്ന ആവശ്യം. ഈ പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തി പലകപ്പാറയിൽ ടൂറിസം പദ്ധതി ഏകീകരിച്ച് നടപ്പിലാക്കിയാൽ നാടിനും ആദിവാസ സമൂഹത്തിനും തങ്ങളുടെ സ്വപ്നസാക്ഷാത്കാരമായിരിക്കും പൂവണിയുകയെന്നും സന്തോഷ്  മുള്ളുമല വ്യക്തമാക്കി.

കൃത്യമായ സ്ഥല പരിചയം 👇

പത്തനാപുരം താലൂക്കിൽ പിറവന്തൂർ പഞ്ചായത്തിൽ ചെമ്പനരുവി വാർഡിൽ അലിമുക്ക് അച്ഛൻകോവിൽ കാനന പാതയിൽ ചെമ്പനരുവി കൂട്ടുമുക്ക് ഡിപ്പോ ജംഗ്ഷനിൽ നിന്നും പഴയ അച്ഛൻകോവിൽ റോഡ്  വഴി  പാറക്ക് താഴെ വലത്തോട്ട് തേക്കിൻ പ്ലാന്റ്റേഷൻ റോഡ് വഴി 3 കിലോമീറ്റർ മാത്രംഅകലത്തിൽ. പത്തനംതിട്ട ജില്ലയുടെ ഭാഗമായ കോന്നി ഫോറസ്റ്റ് ഡിവിഷനിൽ മണ്ണാറപ്പാറ ഫോറസ്റ്റ് റേഞ്ചിൽ മുള്ളുമല ഫോറസ്റ്റ് ഓഫിസിന് സമീപം. 

ഇത്തരത്തിലുള്ള വാർത്തകൾ അഷ്ടമുടി ലൈവിനെ അറിയിക്കാം, വിളിക്കുക : 91 8907887883

Post a Comment

0 Comments