banner

കൊട്ടിയൂർപീഡനക്കേസ് : വിവാഹത്തിന്റെ പേരില്‍ ജാമ്യംതേടിയ പ്രതിയുടെ നീക്കം പാഴായി; ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

കൊട്ടിയൂര്‍ കേസ് പ്രതി റോബിന്‍ വടക്കുംചേരിയ്ക്ക് ജാമ്യമില്ല. പീഢനക്കേസില്‍ കഠിനതടവ് അനുഭവിക്കുന്ന പ്രതി വിവാഹം കഴിക്കാന്‍ ജാമ്യം വേണമെന്ന ആവശ്യവുമായാണ് സുപ്രീം കോടതിയിലെത്തിയത്. പ്രതിയെ വിവാഹം ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി വാദിയായ പെണ്‍കുട്ടിയും ഹര്‍ജി നല്‍കിയിരുന്നു. ഇരുവരുടേയും ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ജാമ്യം വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വിവാഹം കഴിക്കാനുള്ള അവകാശം സംരക്ഷിക്കണം എന്ന ആവശ്യവുമായാണ് എത്തിയ വാദിയുടെ ഹര്‍ജിയുടെ മെറിറ്റിലേയ്ക്ക് കോടതി കടന്നതേയില്ല. കുറ്റവാളിയുടേയും ഇരയുടേയും വയസ്സ് എത്രയാണെന്ന ചോദ്യവും കോടതിയില്‍ നിന്നുണ്ടായി. കുറ്റവാളിയ്ക്ക് ജാമ്യം നല്‍കുന്നില്ലെന്ന പ്രതികരണത്തോടെ വേണമെങ്കില്‍ ഹൈക്കോടതിയില്‍ ഇക്കാര്യത്തിന് സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. വാദിയുടേയും പ്രതിയുടേയും ഹര്‍ജികള്‍ കോടതി തള്ളി

ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്ന ആവശ്യമണ് പ്രതി റോബിന്‍ വടക്കും ചേരി സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയും കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. നാല് വയസ്സുള്ള മകനെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ അച്ഛന്റെ പേര് രേഖപെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ഇര സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന റോബിന്‍ വടക്കുംചേരിയുടെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നല്‍കുന്നതുപോലെയാകും. അതിനാല്‍, ഈ വിഷയത്തില്‍ അഭിപ്രായമൊന്നും രേഖപ്പെടുത്താതെ അകന്നു നില്‍ക്കുയാണെന്നാണ് ഹൈക്കോടതി ജാമ്യ അപേക്ഷ തള്ളിക്കൊണ്ട് വ്യക്തമാക്കിയിരുന്നത്. ഇതിന് എതിരെയാണ് റോബിന്‍ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചത്.

കൊട്ടിയൂര്‍ പീഡന കേസില്‍ റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് ആണ് തലശേരി പോക്സോ കോടതി വിധിച്ചത്. എന്നാല്‍ മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.

കൊട്ടിയൂര്‍ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. 2017 ഫെബ്രുവരിയില്‍ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മംനല്‍കിയിരുന്നു.

Post a Comment

0 Comments