Latest Posts

'രാജ്യം നമ്മുടെ കൺമുന്നിൽ തകർന്നു'; അഭയം തേടി അഫ്ഗാനിലെ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾ

കാബൂൾ : രാജ്യം താലിബാൻ ഭീകരർ പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്‌ബോൾ ടീം അംഗങ്ങൾ രാജ്യം വിട്ടു. വനിതാ ടീം അംഗങ്ങളും കുടുംബാംഗങ്ങളും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെ 75 പേരടങ്ങുന്ന സംഘമാണ് രക്ഷാദൗത്യത്തിനെത്തിയ ഓസ്‌ട്രേലിയൻ വിമാനത്തിൽ രാജ്യം വിട്ടത്. 

"രാജ്യം വിടാൻ ആർക്കും അവസരമില്ല, കാരണം ഒറ്റരാത്രികൊണ്ട് നമ്മുടെ രാജ്യം നമ്മുടെ കൺമുന്നിൽ തകർന്നു." അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഫുട്ബോൾ ടീമിന്റെ സ്ഥാപകൻ ഷാമില കൊഹെസ്താനി ബി.ബി.സിയോട് പറഞ്ഞു

താലിബാൻ ഭരണമേറ്റെടുത്തതിന് പിന്നാലെ വനിതാ ഫുട്‌ബോൾ ടീം അംഗങ്ങളെ രാജ്യം വിടാൻ സഹായിച്ചതിന് ഓസ്‌ട്രേലിയൻ സർക്കാരിനോട് ഗ്ലോബൽ ഫുട്‌ബോൾ പ്ലേയേഴ്‌സ് യൂണിയൻ നന്ദി അറിയിച്ചു.

2007 ലാണ് അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്‌ബോൾ ടീം നിലവിൽ വന്നത്. എന്നാൽ അമേരിക്കൻ സഖ്യസേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറുകയും താലിബാൻ ഭരണം പിടിക്കുകയും ചെയ്തതിന് പിന്നാലെ അഫ്ഗാനിസ്ഥാൻ വനിതാ ഫു്ടബോൾ ടീം മുൻ ക്യാപ്റ്റൻ ഖാലിദ പോപൽ താലിബാനിൽ നിന്ന് പ്രതികാര നടപടിയുണ്ടാവുമെന്ന ആശങ്ക പങ്കുവെച്ചതിനൊപ്പം സുരക്ഷ മുൻനിർത്തി കളിക്കാരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിർജ്ജീവമാക്കാനും വിവരങ്ങൾ മായ്ച്ചു കളയാനും നിർദേശം നൽകിയിരുന്നു.

കളിക്കാർ സുരക്ഷിതരായി രാജ്യം വിട്ടതോടെ നിർണായക വിജയം നേടിയതായി ഖാലിദ പോപൽ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾ ശരിക്കും സമ്മർദ്ദം നിറഞ്ഞതായിരുന്നു. എന്നാൽ ഇന്ന് നിർണായക വിജയം നേടാനായെന്നും ഖാലിദ പറഞ്ഞു.

ആശങ്കകൾക്കിടയിലും ധൈര്യത്തോടെയിരുന്ന വനിതാ ഫുട്ബോൾ ടീം അംഗങ്ങൾക്ക് വിദേശത്ത് മികച്ചൊരു ഭാവി ഉണ്ടാവട്ടെയെന്നും പോപൽ പറഞ്ഞു. അഫ്ഗാൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ജൂനിയർ ടീമുകളുടെ പരിശീലകയുമായിരുന്ന പോപൽ താലിബാൻ ഭീഷണിയെത്തുടർന്ന് 2016 ൽ ഡെൻമാർക്കിൽ അഭയം തേടിയിരുന്നു.

0 Comments

Headline