banner

വിൽപ്പനയിൽ സർവകാല റെക്കോർഡിട്ട് മിൽമ; നേട്ടം കൈവരിച്ചത് ഓണക്കാലത്ത്


ഓണക്കാലത്ത് പാൽ, തൈര് വിൽപ്പനയിൽ സർവകാല റെക്കോർഡിട്ട് മിൽമ. ഓഗസ്റ്റ് 20 മുതൽ 23 വരെ 79,86,916 ലിറ്റർ പാലാണ് കേരളത്തിൽ മിൽമ വിൽപ്പന നടത്തിയത്. ഓണക്കാല വിൽപ്പനയിൽ മുൻവർഷത്തേക്കാൾ 6.64 ശതമാനത്തിന്റെ വർധനവുണ്ട്. തിരുവോണ ദിവസത്തെ മാത്രം പാൽ വിൽപ്പന 32,81,089 ലിറ്റർ ആണ്. 2020ൽ ഇത് 29,33,560 ലിറ്റർ ആയിരുന്നു. 11.85 ശതമാനത്തിൻറെ വർധന.

തൈര് വിൽപ്പനയിലും റെക്കോർഡ് നേട്ടമുണ്ടാക്കാൻ മിൽമയ്ക്കായി. 8,49,717 കിലോ തൈരാണ് ആഗസ്റ്റ് 20 മുതൽ 23 വരെ മിൽമ വിറ്റത്. തിരുവോണ ദിവസം മാത്രം 3,31,971 കിലോ തൈരാണ് വിറ്റത്. കഴിഞ്ഞ വർഷം 3,18,418 കിലോ ആയിരുന്നു വിൽപ്പന. 4.86 ശതമാനം വർധന.

സപ്ലൈകോയുടെ ഓണക്കിറ്റിലേക്ക് 425 മെട്രിക് ടൺ നെയ്യ് സമയബന്ധിതമായി വിതരണം ചെയ്യാനും മിൽമയ്ക്ക് കഴിഞ്ഞു. മിൽമയുടെ മറ്റ് ഉത്പന്നങ്ങളായ വെണ്ണ, പാലട പായസം മിക്സ്, പേട, ഫ്ലോവേഡ് മിൽക്ക് തുടങ്ങിയവയും ഓണക്കാലത്ത് ആവശ്യാനുസരണം ഉപഭോക്താക്കളിൽ എത്തിക്കാൻ മിൽമയ്ക്കായി.

Post a Comment

0 Comments