banner

മുട്ടില്‍ മരംമുറിക്കേസ്: ദീപക് ധർമ്മടത്തെ 24 ചാനലിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്


തിരുവനന്തപുരം : മുട്ടില്‍ മരംമുറിക്കേസില്‍ ഫോണ്‍ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ ദീപക് ധര്‍മ്മടത്തെ 24 ന്യൂസ് സസ്പെൻഡ് ചെയ്തിരുന്നു ഇതിന് ശേഷമാണ് പുറത്താക്കി എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനും, 24 ന്യൂസിലെ മാധ്യമ പ്രവര്‍ത്തകനായ ദീപക് ധര്‍മ്മടത്തിന്റേയും സജീവ ഇടപെടലുകള്‍ ഉണ്ടായെന്ന് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകന് നേരെ നടപടി സ്വീകരിച്ചതെന്നാണ് ചാനൽ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.  

മരംമുറി കണ്ടെത്തി പുറത്തുകൊണ്ടുവന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ. സമീറിനെ കള്ളക്കേസില്‍ കടുക്കാന്‍ സാജനും ആന്റോ അഗസ്റ്റിനും ദീപക് ധര്‍മ്മടവും ചേര്‍ന്ന് ഒരു സംഘമായി പ്രവര്‍ത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി. സാജനും തമ്മില്‍ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകള്‍. മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണ വിളിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  
മുട്ടിലിലെ മരംമുറി പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയില്‍ മനപ്പൂര്‍വ്വം ഇവര്‍ കുടുക്കിയതാണ്. സമീര്‍ ചുമതലയേല്‍ക്കും മുമ്പുള്ള മരംമുറിയിലാണ് പ്രതികളുമായി ചേര്‍ന്ന് സാജന്‍ സമീറിനെതിരെ ഫെബ്രുവരി 15നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മണിക്കുന്ന് മലയിലെ മരം മുറിയില്‍ കേസെടുക്കാന്‍ ദീപക് ധര്‍മ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിംഗ്  സ്‌ക്വാഡ് ഡിഎഫ്ഒയേയും വിളിച്ചിരുന്നു. ഇതേ ദിവസം ആന്റോ അഗസ്റ്റിനും ദീപകും തമ്മില്‍ സംസാരിച്ചത് അഞ്ച് തവണയും സംസാരിച്ചിട്ടുണ്ട്.  

ഫെബ്രുവരി 15ന് സാജനും ആന്റോ അഗസ്റ്റിനും തമ്മില്‍ 12 തവണ ഒരു മണിക്കൂറിലേറെ സംസാരിച്ചിട്ടുണ്ട്. ഫെബ്രുവരി 14നും മെയ് 26നും ഇടയിലെ ആകെ സംസാരം 86 തവണ. സാജന്റെ ഔദ്യോഗിക നമ്പറിലും പേഴ്‌സണല്‍ നമ്പറിലുമായിട്ടായിരുന്നു ആന്റോ സംസാരിച്ചിരുന്നത്. വനം കൊള്ള അട്ടിമറിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടിന് വിരുദ്ധമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.  
മരംമുറി അട്ടിമറിയില്‍ പ്രതിപക്ഷനേതാവ് ധര്‍മ്മടം ബന്ധമുണ്ടെന്ന് നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് സര്‍ക്കാറും സിപിഎമ്മും പാടെ തള്ളുമ്പോഴാണ് ഫോണ്‍രേഖ പുറത്താകുന്നത്. ഇത് കൂടാതെ മരം മുറി അട്ടിമറിക്കാനുള്ള ഗൂഢാലോചന തെളിയിക്കുന്ന റിപ്പോര്‍ട്ടുണ്ടായിട്ടും സാജനെതിരെ സ്വീകരിച്ചത് സ്വാഭാവിക സ്ഥലംമാറ്റം നടപടി മാത്രമാണ്. ഇതിനു പിന്നിലും ഉന്നതതല ഇടപെടലുകള്‍ ഉണ്ടെന്നാണ് ആരോപണം.

Post a Comment

0 Comments