banner

കശ്മീർ വിഷയത്തിൽ താലിബാന്റെ സഹായം തേടുമെന്ന് പാക് ഭരണപക്ഷ സംഘടന

കശ്മീരിൽ താലിബാൻ്റെ സഹായം തേടുമെന്ന് പാകിസ്താനിലെ ഭരണപക്ഷ സംഘടനയായ തെഹ്‌രീക്ക്-എ-ഇൻസാഫ്. ടെലിവിഷൻ പരിപാടിക്കിടെയാണ് തെഹ്‌രീക്ക് നേതാവ് നീലം ഇർഷാദ് ഷെയ്ഖ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിൽ പാകിസ്താന് സഹായം നൽകുമെന്ന് താലിബാൻ അറിയിച്ചു എന്നായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

“ഞങ്ങൾക്കൊപ്പം ചേർന്ന് കശ്മീരിൽ ഞങ്ങളെ സഹായിക്കുമെന്ന് താലിബാൻ അറിയിച്ചു.”- നീലം ഇർഷാദ് പറഞ്ഞു. അതേസമയം, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് നേരത്തെ താലിബാൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അവതാരക ചൂണ്ടിക്കാണിച്ചു. “മാഡം, നിങ്ങളെന്താണ് പറഞ്ഞതെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? എന്താണെന്ന് നിങ്ങൾക്ക് ഒരു ഊഹവുമില്ല. ഈ ഷോ ലോകം മുഴുവൻ സംപ്രേഷണം ചെയപ്പെടുന്നതാണ്. ഇത് ഇന്ത്യയിലും കാണും. താലിബാൻ ഞങ്ങളെ സഹായിക്കും.”- പാർട്ടി നേതാവ് പറഞ്ഞു.

അതേസമയം, താലിബാൻ പിടിമുറിക്കിയ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ ഇന്ത്യയും റഷ്യയും ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി 45 മിനിറ്റ് സമയം ടെലിഫോണിൽ ചർച്ച നടത്തിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ – റഷ്യ സഹകരണവും ചർച്ചയായി. സുപ്രധാന വിഷയങ്ങളിൽ ചർച്ച തുടരാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓദ്യോഗികമായി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച, ജർമ്മൻ ചാൻസിലർ ആഞ്ചല മെർക്കലുമായി നരേന്ദ്രമോദി സംസാരിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സാഹചര്യങ്ങളും മേഖലയിലും ലോകത്തും അതിന്റെ പ്രത്യാഘാതങ്ങളും ചർച്ച ചെയ്തിരുന്നു.

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഇന്ത്യയുടെ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. ഓപ്പറേഷൻ ദേവി ശക്തി എന്നാണ് അഫ്ഗാൻ രക്ഷാ ദൗത്യത്തെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചത്. ദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ മറ്റന്നാൾ വിദേശകാര്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. അമേരിക്കയും ബ്രിട്ടനും ഉൾപ്പടെ ആറു രാജ്യങ്ങൾ ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ സഹായിക്കാമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

നേരത്തെ, പാകിസ്താൻ-അഫ്ഗാനിസ്ഥാൻ പരമ്പര മാറ്റിവച്ചതായി പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് നടപടി. അഫ്ഗാൻ താരങ്ങളുടെ മാനസിക സമ്മർദ്ദം, യാത്ര ചെയ്യാനുള്ള അസൗകര്യങ്ങൾ, ടിവി സംപ്രേഷണത്തിലെ അനിശ്ചിതത്വം തുടങ്ങിയവ പരിഗണിച്ചാണ് തീരുമാനം. അടുത്ത മാസമാണ് പരമ്പര തീരുമാനിച്ചിരുന്നത്. ഈ പരമ്പര 2022ൽ നടക്കും.

Post a Comment

0 Comments