അഷ്ടമുടി : തൃക്കരുവ ഗ്രാമ പഞ്ചായത്തിൽ, സംസ്ഥാനത്തൊട്ടാകെ നടന്ന ജനകീയാസൂത്രണ രജത ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി മുൻ പ്രസിഡൻ്റുമാരെ ആദരിക്കുന്ന ചടങ്ങിൽ വാക്കേറ്റവും ബഹളവും. പരിപാടി നിശ്ചയിച്ച സമയക്രമം പലരീതിയിലാണ് ഭരണസമിതി പുറത്തറിയിച്ചത് ഇത് എൽ.ഡി.എഫ് പ്രതിനിധികൾ ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
മുൻ പ്രസിഡൻ്റുമാരുടെ ആദരിക്കുന്ന ചടങ്ങിലേക്ക് അതിഥികളായി കൊല്ലം എം.എൽ.എ എം. മുകേഷിനെയും, എം.പി എൻ.കെ പ്രേമചന്ദ്രനെയും ക്ഷണിച്ചിരുന്നു. ഇവർക്ക് രണ്ടു പേർക്കും നൽകിയ സമയം വ്യത്യസ്തമായിരുന്നു. എം.പിയെ അറിയിച്ച സമയത്ത് എം.പി എത്തുകയും തുടർന്ന് പരിപാടി ആരംഭിക്കാനും ശ്രമിച്ചു എന്നാൽ എം.എൽ.എ എത്താതെ തുടങ്ങേണ്ടെന്നും ജനാധിപത്യ മര്യാദ കാണിക്കണമെന്നും എൽ.ഡി.എഫ് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതെ വന്നതോടെ പ്രശ്നം സങ്കീർണ്ണതയിലേക്ക് എത്തുകയായിരുന്നു, വാക്കേറ്റവും ബഹളവും നിലനില്ക്കേ എം.പി പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയതായാണ് പുറത്ത് വരുന്ന വിവരം.
എന്നാൽ ജനാധിപത്യ മര്യാദ ഉയർത്തിപ്പിടിച്ച് വേദി അലങ്കോലപ്പെടുത്തിയത് ഇതേ ജനാധിപത്യ വിരുദ്ധതയാണെന്ന് മറുപക്ഷം ആരോപിച്ചു. എം.പിയോട് മോശമായി പെരുമാറിയതായും ഇവർ ആരോപിച്ചു. ഭരണ സമിതിയുടെ മേൽ കുറ്റം ആരോപിക്കുകയാണെങ്കിൽ എൽ.ഡി.എഫ് പ്രതിനിധികളിൽ ചിലരും പ്രതിസ്ഥാനത്താണെന്നും അവർ കുറ്റപ്പെടുത്തി.
ഇതിനിടെ പഴയ കമ്മ്യുണിസ്റ്റ് പ്രസിഡൻ്റുമാരെ എൽ.ഡി.എഫ് നേതൃത്വത്തിൽ ആദരിച്ചതായും പാർട്ടി തല വൃത്തങ്ങൾ സൂചിപ്പിച്ചു.
0 Comments