banner

യുഎപിഎ കേസിൽ അലൻ ഷുഹൈബിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി : പന്തീരങ്കാവ് യു. എ. പി. എ കേസിൽ അലൻ ഷുഹൈബിന് സുപ്രീംകോടതിയുടെ നോട്ടീസ്. അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ. ഐ. എ നൽകിയ ഹർജിയിലാണ് നോട്ടീസ്. ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കൂട്ടുപ്രതി താഹ ഫൈസൽ നൽകിയ ഹർജി പരമോന്നത കോടതിയുടെ പരിഗണനയിലാണ്. രണ്ട് ഹർജികളിലും അടുത്തമാസം ഒന്നിച്ച് വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.

2019 നവംബർ 1 നാണ് അലനെയും താഹയെയും കോഴിക്കോട് പന്തീരങ്കാവിൽനിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നത്. സംസ്ഥാന പോലീസ് യു. എ. പി. എ വകുപ്പുകൾ ചുമത്തിയതിനാൽ കേസ് എൻ. ഐ. എ. ഏറ്റെടുത്തു. 2020 സെപ്റ്റംബർ 9 ന് കൊച്ചിയിലെ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചു.

ഇതിനെതിരെ ദേശീയ അന്വേഷണ ഏജൻസി ൽകിയ ഹർജിയെ തുടർന്ന് 2021 ജനുവരി 4 ന് താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പ്രായക്കുറവും ആരോഗ്യപ്രശ്‌നങ്ങളും പരിഗണിച്ച് അലന് ജാമ്യത്തിൽ തുടരാമെന്നും കോടതി പറഞ്ഞു.

ജാമ്യം റദ്ദാക്കപ്പെട്ട താഹ പിറ്റേദിവസം തന്നെ കീഴടങ്ങി. അലന് ജാമ്യം നൽകിയതിനെതിരെ എൻ. ഐ. എയും ജാമ്യാപേക്ഷയുമായി താഹയും സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. സിനിമാ – നാടക നടി സജിത മഠത്തിലിന്റെ സഹോദരിയുടെ മകനാണ് അലൻ ശുഹൈബ്.

Post a Comment

0 Comments