തന്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായ സമീപനം പാർട്ടി ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ടി. എസ്. സിംഗ് ദിയോ പരസ്യമായി പ്രതികരിച്ചു. അതിനാൽ കൂടുതൽ എം. എൽ. എമാരെ ഒപ്പം കൂട്ടി പാർട്ടിയിൽ നിന്ന് രാജിവെയ്‌ക്കാനാണ് നീക്കം. മന്ത്രി സഭാ രൂപീകരണ സമയത്ത് നൽകിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിയുടെ പക്ഷക്കാരായ എം. എൽ. എമാർ രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.
രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രി പദം നൽകാമെന്ന് അധികാരമേൽക്കുന്ന സമയത്ത് നേതൃത്വം വാക്കുനൽകിയിരുന്നെന്ന് ഇവർ പറയുന്നു. 2018 ഡിസംബറിലാണ് സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വരുന്നത്. എന്നാൽ രണ്ടര വർഷം പിന്നിട്ടിട്ടും മുഖ്യമന്ത്രി പദം കൈമാറാൻ മുഖ്യമന്ത്രി ഭുപേഷ് ബഗൽ തയ്യാറായില്ല. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയുടെ ബലത്തിലാണ് മുഖ്യമന്ത്രിയുടെ നീക്കങ്ങൾ. എ. ഐ. സി. സി നിയോഗിച്ച പി. എൽ. പൂനിയ ഇരുവിഭാഗങ്ങളുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നു. ഒത്തുതീർപ്പ് ഉണ്ടാവാത്തതിനാലാണ് പ്രശ്‌നം രാഹുൽ ഗാന്ധിയുടെ മുന്നിലെത്തിയത്.
നേതൃമാറ്റത്തെ സംബന്ധിച്ച് ഇപ്പോൾ സംസാരിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലമുള്ള പി. എൽ. പൂനിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ പ്രസ്താവന ആരോഗ്യമന്ത്രിയുടെ അനുയായികളെ ചൊടിപ്പിട്ടുണ്ട്. സമവായത്തിനുപകരം ഏകപക്ഷീയമായ തീരുമാനമാണ് രാഹുൽ ഗാന്ധിയിൽ നിന്നുണ്ടായതെന്ന ആക്ഷേപത്തിലാണ് ടി. എസ്. സിംഗ് ദിയോ. ഇതോടെ വിമതനീക്കത്തിന് വേഗത വർദ്ധിപ്പിച്ചിരിക്കുകയാണ് ഇവർ. പഞ്ചാബിലും രാജസ്ഥാനിലും സമാനമായ പ്രതിസന്ധിയിലാണ് കോൺഗ്രസ് നേതൃത്വം.
0 Comments