banner

സർവ്വീസിൽ റെഡ് സിഗ്നൽ: വിസ്മയ കേസ് പ്രതി കിരൺ കുമാറിനെ സർവ്വീസിൽ നിന്ന് പുറത്താക്കി

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. അന്വേഷണ വിധേയമായാണ് നടപടി. കിരണിനെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് ഗതാഗത മന്ത്രി പറഞ്ഞു. പെന്‍ഷന് പോലും അര്‍ഹതയുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കിരണ്‍ കുമാറിന് ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി കിട്ടില്ല. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാണ് കിരണ്‍ കുമാര്‍.

ജൂണ്‍ 21-നാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാരില്‍ നിന്ന് സ്ത്രീധനം എന്ന പേരില്‍ കിരണ്‍ കുമാര്‍ വാങ്ങിയിരുന്നു.

എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.

മരിക്കുന്നതിന് മുമ്പ് വിസ്മയ ബന്ധുവിന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു.

_Post date: 06/08/2021_

 _ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..._ 👇
https://chat.whatsapp.com/L6aglpmOMcQ0zJYUDw2eNY

Post a Comment

0 Comments