ലെവാന്റെയുടെ മൈതാനത്ത് നടന്ന ലാ ലിഗ മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ ഗാരത് ബെയിലിലൂടെ റയൽ മുന്നിലെത്തി. എന്നാൽ രണ്ടാം പകുതി തുടങ്ങി തൊട്ടുപിന്നാലെ റോജർ മാർട്ടിയിലൂടെ ലെവാന്റെ ഒപ്പമെത്തി. 57-ാം മിനിറ്റിൽ ഹോസെ കംപാനയുടെ ഗോളിലൂടെ ലെവാന്റെ റയലിനെ ഞെട്ടിച്ച് ലീഡ് നേടി.
ഇതിനുപിന്നാലെ റയൽ പരിശീലകൻ കാർലോ അഞ്ചലോട്ടി ചില മാറ്റങ്ങൾ വരുത്തി. ഇതിന്റെ ഫലം 73-ാം മിനിറ്റിൽ കണ്ടു. പകരക്കാരനായിറങ്ങിയ വിനിഷ്യസിലൂടെ റയൽ ഒപ്പമെത്തി. എന്നാൽ ആറ് മിനിറ്റിനകം റോബർ പിയെറിലൂടെ ലെവാന്റെ ലീഡ് തിരിച്ചുപിടിച്ചു. തോൽവി നേരിട്ട ഘട്ടത്തിൽ വിനിഷ്യസ് വീണ്ടും റയലിന്റെ രക്ഷകനായി. 85-ാം മിനിറ്റിൽ ബ്രസീലിയൻ വിങ്ങർ നേടിയ ഗോളിൽ റയൽ സമനില പിടിച്ചുവാങ്ങി.
സെരി എയിൽ യുഡിനിസാണ് യുവന്റസിനെ സമനിലയിൽ തളച്ചത്. ഇരുക്ലബുകളും രണ്ട് ഗോൾ വീതം നേടി. പൗളോ ഡിബാല,ജുവാൻ ക്വാഡ്രാഡോ എന്നിവരുടെ ഗോളുകളിൽ ആദ്യ 25 മിനിറ്റിനുള്ളിൽ തന്നെ യുവന്റസ് മികച്ച ലീഡ് നേടിയതാണ്. എന്നാൽ രണ്ടാം പകുതിയിൽ റോബർട്ടോ പെരേയ്ര, ജെറാർഡ് ഡ്യൂലോഫു എന്നിവരുടെ ഗോളുകളിൽ യുവന്റസ് ഒപ്പമെത്തി. മത്സരത്തിന്റെ അവസാന മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനായി വലകുലുക്കിയെങ്കിലും, ഗോൾ അനുവദിച്ചില്ല.
സെരി എയിലെ മറ്റ് പ്രധാന മത്സരങ്ങളിൽ റോമ ഫിയോറെന്റിനയേയും നാപ്പോളി വെനെസിയയേയും തോൽപ്പിച്ചു. ലാ ലിഗയിൽ അത്ലെറ്റിക്കോ മഡ്രിഡ് എൽച്ചെയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. ഇംഗ്ലണ്ടിലെ സൂപ്പർപോരാട്ടമായ ലണ്ടൻ ഡെർബിയിൽ ചെൽസി എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്സനലിനെ തോൽപ്പിച്ചു.
0 Comments