banner

കൈമുട്ടിനേറ്റ പരിക്ക് വിനയായി, യു.എസ്. ഓപ്പണിൽനിന്ന് പിൻമാറി സെറീന വില്യംസ്

ന്യൂയോർക്ക് : അമേരിക്കയുടെ സൂപ്പർ താരം സെറീന വില്യംസ് യു. എസ്. ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ നിന്നും പിൻമാറി. കൈമുട്ടിനേറ്റ പരിക്ക് മൂലം ടൂർണമെന്റിലേക്കില്ലെന്ന് താരം സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.

പരിക്ക് വേഗത്തിൽ ഭേദമാകുന്നതിന് സമ്പൂർണ്ണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് പിൻമാറ്റമെന്ന് സെറീന പറഞ്ഞു. എപ്പോഴും പിൻതുണ നൽകുന്ന ആരാധകർക്ക് നന്ദിയുണ്ടെന്നും വിസ്മയങ്ങളുടെ നഗരമായ ന്യൂയോർക്കിലേക്ക് എത്താൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും താരം കുറിച്ചു.

കഴിഞ്ഞ വിംബിൾഡൻ ടൂർണമെന്റിനിടെയിലാണ് അപകടം. ആദ്യമത്സരത്തിനിടയിൽ സംഭവിച്ച വീഴ്ചയിലാണ് ഇടത് കൈമുട്ടിന് പരിക്കേറ്റത്.

വിദഗ്ദ ചികിത്സക്കായി തുടർന്ന് മത്സരത്തിൽ നിന്ന് പിൻമാറേണ്ടി വന്നു. ബെലാറസിന്റെ അലിയക്‌സാന്ദ്ര സസ്‌നോവിച്ച് ആയിരുന്നു എതിരാളി. അര മണിക്കൂർ മാത്രം നടന്ന മത്സരത്തിൽ സെറീന മുന്നിട്ട് നിൽക്കുമ്പോഴായിരുന്നു അപകടം. 23 ഗ്രാന്റ് സ്ലാം കിരീടങ്ങൾ നേടിയ അമേരിക്കൻ താരമാണ് സെറീന വില്യംസ്.

Post a Comment

0 Comments