banner

ഡോക്ടറെ കൊലപ്പെടുത്തിയ കേസില്‍ ഏഴുപ്രതികൾക്ക് വധശിക്ഷ

തമിഴ്‌നാട്ടില്‍ പ്രസിദ്ധ ന്യൂറോ സര്‍ജന്‍ ഡോ.എസ് ഡി സുബ്ബയ്യ (58)യെ കൊലപ്പെടുത്തിയ കേസില്‍ ചെന്നൈയിലെ സെഷന്‍സ് കോടതി ഏഴുപ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചു. രണ്ട് പ്രതികളെ ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. കേസില്‍ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. വധശിക്ഷ ലഭിച്ചവരില്‍ രണ്ട് പേർ അഭിഭാഷകരാണ്. ഒരു പ്രതിയെ പ്രോസിക്യൂഷന്‍ സാക്ഷിയായതിനെത്തുടര്‍ന്ന് കുറ്റവിമുക്തനാക്കി. 2013 സെപ്റ്റംബര്‍ 14നായിരുന്നു സുബ്ബയ്യയുടെ കൊലപാതകം. 

ഭൂമിതര്‍ക്കത്തിന്റെ പേരില്‍ ഉണ്ടായ കുടുംബവഴക്കിനെ തുടർന്ന് കുടുംബാംഗങ്ങള്‍ വാടകഗുണ്ടകളെ ഉപയോഗിച്ച് വീടിനു മുന്നിലിട്ട് സുബ്ബയ്യയെ ആക്രമിക്കുകയായിരുന്നു. ഒമ്പത് ദിവസത്തിനുശേഷം സുബ്ബയ്യ ആശുപത്രിയില്‍ ചകിത്സയിലിരിക്കെ മരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഡോ. ജയിംസ് സതീഷ് കുമാര്‍, ഗുണ്ടാസംഘാംഗങ്ങളായ മുരുകന്‍, ശെല്‍വപ്രകാശ്, അയ്യപ്പന്‍, അധ്യാപകനായ പൊന്നുസ്വാമി, ഇയാളുടെ ഭാര്യ മേരി പുഷ്പം, മക്കളായ പി ബേസില്‍, പി ബോറിസ്, യേശുരാജന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍പോയ പ്രധാന പ്രതിയും അഭിഭാഷകനുമായ ബി വില്യംസ് അഞ്ചുവര്‍ഷത്തിനുശേഷം കോടതിയില്‍ കീഴടങ്ങി. 

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ ഡോക്ടറുടെ ജന്‍മനാടായ അഞ്ജുഗ്രാമത്തിലെ 2.4 ഏക്കര്‍ സ്ഥലത്തെ ചൊല്ലി സുബ്ബയ്യയും ഇയാളുടെ അകന്ന ബന്ധുവായ പൊന്നുസ്വാമിയും തമ്മില്‍ ഉടലെടുത്ത തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് മാപ്പുസാക്ഷിയായ അയ്യപ്പന്‍ മൊഴി നല്‍കിയത്. പൊന്നുസാമി, ബേസില്‍, ബോറിസ്, ബി വില്യംസ്, ജെയിംസ് സതീഷ് കുമാര്‍, മുരുകന്‍, സെല്‍വപ്രകാശ് എന്നിവര്‍ക്കാണ് സെക്ഷന്‍ 302 , 120 ബി എന്നീ വകുപ്പുകള്‍ ചുമത്തി വധശിക്ഷ വിധിച്ചത്. മേരി പുഷ്പത്തിനും യേശുരാജനുമാണ് ഇരട്ട ജീവപര്യന്തം തടവ്. 

Post a Comment

0 Comments