banner

ടി20 ലോകകപ്പ്: ഓസ്ട്രേലിയൻ സ്ക്വാഡിനെ ‌പ്രഖ്യാപിച്ചു

ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഇത്തവണത്തെ ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ആരോൺ ഫിഞ്ച് നയിക്കുന്ന പതിനഞ്ചംഗ ടീമിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോഷ് ഇംഗ്ലിസ് ഇടം പിടിച്ചതാണ് ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വൈറ്റ് ബോൾ ക്രിക്കറ്റിൽ പുറത്തെടുക്കുന്ന മിന്നും പ്രകടനങ്ങളാണ് ഇംഗ്ലിസിന് ലോകകപ്പ് ടീമിലേക്ക്‌ സർപ്രൈസ് വിളി നേടിക്കൊടുത്തത്.

നേരത്തെ വ്യത്യസ്ത കാരണങ്ങളെത്തുടർന്ന് ബംഗ്ലാദേശിനും, വെസ്റ്റിൻഡീസിനുമെതിരായ ടി20 പരമ്പരകളിൽ നിന്ന് വിട്ടു നിന്ന ഗ്ലെൻ മാക്സ്‌വെൽ, പാറ്റ് കമ്മിൻസ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരും ലോകകപ്പ് ടീമിലുണ്ട്. അതേ സമയം ഇംഗ്ലിസിന് പുറമേ മാത്യു വേഡും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പര്യടനത്തിൽ കളിച്ച അലക്സ് കാരിക്കും, സിഡ്നി സിക്സേഴ്സിന്റെ താരമായ ജോഷ് ഫിലിപ്പിനും ടീമിലിടമില്ല. വെറ്ററൻ ഓൾറൗണ്ടർ ഡാനിയൽ ക്രിസ്റ്റ്യൻ, നഥാൻ എല്ലിസ് എന്നിവരെ റിസർവ്വ് താരങ്ങളായും ഓസ്ട്രേലിയ ടി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 17 ന് ആരംഭിക്കാനിരിക്കുന്ന ലോകകപ്പിൽ 23-ം തീയതി ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ പോരാട്ടം.

ഓസ്ട്രേലിയ സ്ക്വാഡ് ഇങ്ങനെ – ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്‌വെൽ, കെയിൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്വെപ്സൺ, മാത്യു വേഡ്, ഡേവിഡ് വാർണർ, ആദം സാമ്പ.

ട്രാവലിംഗ് റിസർവ്സ് – ഡാനിയൽ ക്രിസ്റ്റ്യൻ, നഥാൻ എല്ലിസ്, ഡാനിയൽ സാംസ്.

Post a Comment

0 Comments