banner

തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് പത്തൊൻപത്കാരി മരിച്ചു, വാക്സിനേഷൻ കാരണമെന്ന് ബന്ധുക്കൾ

സുബിൽ കുമാർ

പത്തനംതിട്ട : തലച്ചോറിൽ രക്ത സ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസിന്റെ മകള്‍ നോവ സാബുവാണ് (19) മരിച്ചത്. വാക്സിനെടുത്തതിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് നോവ മരിച്ചത്. ഇതോടെ വാക്സിനേഷൻ കാരണമാണ് കുട്ടി മരിച്ചതെന്ന ആരോപണവുമായി വീട്ടുകാർ രംഗത്തെത്തി.

ജൂലൈ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോളാണ് അവിടെ നിന്നാണ് നോവ കോവിഷീല്‍ഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം പത്തനംതിട്ടയിലെ വീട്ടിലെത്തിയതോടെയാണ് പനി രൂക്ഷമായത്. രണ്ടു ദിവസം പിന്നിട്ടിട്ടും പനിയും മറ്റ് അസ്വസ്ഥതകളും മാറാതായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഓഗസ്റ്റ് എട്ടിന് ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. ഇതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇവിടെ നടത്തിയ സ്കാനിങ്ങിലാണ് തലച്ചോറിലേക്കുള്ള രക്തധമനി പൊട്ടി രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയത്. തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെയോടെ നോവയുടെ മരണം സംഭവിക്കുകയായിരുന്നു. കൊച്ചി അമൃത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്നു നോവ. അതേസമയം നോവയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകി. വിഷയത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടതായി ഡിഎംഒ എ.എല്‍.ഷീജ പറഞ്ഞു.

Post a Comment

0 Comments