banner

പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്തിൽ മുപ്പത്തൊന്നുകാരി മരിച്ചു; ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ, ഉള്ളുലയ്ക്കുന്ന സംഭവം കൊല്ലത്ത്.

കൊല്ലം : ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവത്തിൽ യുവതി മരിച്ചത്  ആശുപത്രി അധികൃതരുടെ വ്യക്തമായ അനാസ്ഥ മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. കൊറ്റമ്പള്ളിൽ പത്മാലയത്തിൽ സന്തോഷിന്റെ ഭാര്യ പൊന്നു (31)വാണ് ഇന്നലെ രാത്രി 11.45ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചു മരിച്ചത്.

യുവതിയുടെ രണ്ടാം പ്രസവമായിരുന്നു. അഞ്ച് വയസ്സുകാരിയായ ഒരു മകളുണ്ട്. ഇന്നലെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് പൊന്നു ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു ഇതിന് ശേഷം അമിത രക്തസ്രാവം ഉണ്ടാവുകയും തുടർന്ന് വൈകിട്ടോടെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. കുഞ്ഞ് കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവിൽ നിരീക്ഷണത്തിലാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 

ബന്ധുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം :

പൊന്നുവിന്റെ മരണം ഓച്ചിറ പരബ്രഹ്മ ആശുപത്രി അധികൃതരുടെ അനാസ്ഥ ഒന്ന് കൊണ്ട് മാത്രം സംഭവിച്ചത്.

അച്ഛന്റെയും അമ്മയുടെയും ഏകമകൾ.. ആ കുടുംബത്തിന്റെ വെളിച്ചം.. അതായിരുന്നു പൊന്നു.. പരബ്രഹ്മ ആശുപത്രിയുടെ ചികിത്സാ പിഴവിനാൽ ഇന്നലെ രാത്രി പൊന്നു മരണപ്പെട്ടു / കൊല്ലപ്പെട്ടു. പകൽ പോലെ വ്യക്തമായ പിഴവ്. ഇന്നലെ വെള്ളിയാഴ്ച വൈകിട്ട് 4.15 ന് ആയിരുന്നു പൊന്നുവിന്റെ പ്രസവം. അതേ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണം. ഇനി ഉള്ളത് കുറച്ച് ചോദ്യങ്ങളാണ്. 

1) എന്തുകൊണ്ട് കഴിഞ്ഞ ഒന്നാം തീയതി മുതൽ പരബ്രഹ്മ ഹോസ്പിറ്റലിൽ അഡ്മിറ്റായ പൊന്നുവിന്റെ പ്രസവത്തിന് മുൻപ് ആവശ്യമുള്ള യൂണിറ്റ് ബ്ലഡ് ഹോസ്പിറ്റൽ ശേഖരിച്ചില്ല ?
2) എന്തുകൊണ്ട് ബ്ലീഡിങ് തുടങ്ങിയതിന് ശേഷം മാത്രം ബ്ലഡ് വാങ്ങാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടു ? 
3) എന്തുകൊണ്ട് അമിതരക്തസ്രാവം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ ഒരു യൂണിറ്റ് ബ്ലഡ് പോലുമില്ലാത്ത ആംബുലൻസിൽ 40 കിലോമീറ്റർ ദൂരെയുള്ള ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റലിലേക്ക് അവസാന നിമിഷം റഫർ ചെയ്തു ? ( ഏറ്റവും ഗുരുതരമായ പിഴവ്, മെഡിസിറ്റിയിൽ എത്തിയപ്പോഴേക്കും രക്തമെല്ലാം വാർന്ന് പോയിരുന്നു. മിനിമം, ബ്ലഡ് നൽകാനുള്ള സജ്ജീകരണമുള്ള ആംബുലൻസിൽ കൊണ്ടുപോയിരുന്നുവെങ്കിൽ പൊന്നു ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു.) 
4) എന്തുകൊണ്ട് മറ്റു യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന, സുഖപ്രസവം കഴിഞ്ഞ, ( അതും രണ്ടാമത്തെ )യുവതിയുടെ രക്തസ്രാവം നിയന്ത്രിക്കാൻ ഒരു ഗൈനക്കോളജിസ്റ്റിന് കഴിഞ്ഞില്ല ?

മെഡിക്കൽ രംഗം ഇത്രയേറെ പുരോഗതി കൈവരിച്ച ഈ കാലഘട്ടത്തിൽ ഇത്രയും പ്രാകൃതമായ ചികിത്സ നടത്തുന്ന ഇതുപോലുള്ള ആതുരാലയങ്ങൾ ഈ സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികൾ ഉണ്ടാകണം. പൊന്നുവിന് നീതി കിട്ടണം.

Post a Comment

0 Comments