banner

ടോക്യോ പാരലിമ്പിക്സ് ടേബിൾ ടെന്നീസിൽ ഭവിന പട്ടേൽ ഫൈനലിൽ, ഇന്ത്യ ആദ്യ മെഡലുറപ്പിച്ചു

ടോക്യോ പാരലിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡലുറപ്പിച്ചു. ടേബിൾ ടെന്നിസിൽ ഫൈനൽ പ്രവേശനം നേടിയ ഭവിന പട്ടേൽ ആണ് ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ചത്. സൈനയുടെ ഴാങ് മിയാവോക്കെതിരെ ഐതിഹാസിക പോരാട്ടമാണ് ഭവിന കാഴ്ചവച്ചത്. സ്കോർ 3-2. ലോക ഒന്നാം നമ്പർ താരമായ മിയാവോയ്ക്കെതിരെ മുൻപ് മൂന്ന് തവണ കളിച്ചപ്പോഴും ഭവിന പരാജയപ്പെട്ടിരുന്നു.

ആദ്യ സെറ്റ് ഏഴിനെതിരെ 11 പോയിൻ്റുകൾക്ക് ചൈനീസ് താരം സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ തിരികെ വന്ന ഭവന ഇതേ സ്കോറിന് മിയാവോയെ തോൽപിച്ചു. മൂന്നാം സെറ്റിൽ ചൈനീസ് താരത്തെ നിഷ്പ്രഭയാക്കിയ ഭവിന 11-4 എന്ന സ്കോറിനാണ് വിജയിച്ചത്. നാലാം സെറ്റിൽ 9നെതിരെ 11 പോയിൻ്റുകൾ നേടിയ മിയാവോ ഇന്ത്യൻ താരത്തിനൊപ്പം പിടിച്ചു. നിർണായകമായ അഞ്ചാം സെറ്റിൽ 8നെതിരെ 11 പോയിൻ്റുകൾ നേടിയ ഭവിന സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ ഒളിമ്പിക്സിലെ ഗോൾഡ് മെഡലിസ്റ്റിനെയാണ് ഭവിന ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. ഇന്ന് സെമിയിൽ ഭവിനയോട് കീഴടങ്ങിയ ഴാങ് മിയാവോ ആ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാവായിരുന്നു. ഫൈനലിൽ മറ്റൊരു ചൈനീസ് താരം ഴൂ യിങ് ആണ് ഭവിനയുടെ എതിരാളി. നാളെ ഇന്ത്യൻ സമയം പുലർച്ചെ 7.15ന് മത്സരം നടക്കും.

54 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുക്കുക. ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ആർച്ചറി, അത‍്‍ലറ്റിക്‌സ്‌ (ട്രാക്ക് ആൻഡ്‌ ഫീൽഡ്), ബാഡ്‌മിന്റൺ, നീന്തൽ, ഭാരോദ്വഹനം തുടങ്ങി 9 ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പങ്കെടുക്കുക. ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ അഞ്ചു കായികതാരങ്ങളടക്കം 11 പേരാണ് അണിനിരക്കുക. ഇന്ത്യൻ ടീമിലെ ഏക മലയാളി സിദ്ധാർഥ ബാബു ഷൂട്ടിങ്ങിൽ മത്സരിക്കും.

ഷോട്ട് പുട്ട് താരം ടേക് ചന്ദ് ആണ് ഇന്ത്യൻ സംഘത്തിൻ്റെ പതാകവാഹകനായത്. നേരത്തെ നിശ്ചയിച്ചിരുന്ന മാരിയപ്പൻ തങ്കവേലു ക്വാറൻ്റീനിൽ ആയതിനാലാണ് ചന്ദിനെ പതാക ഏല്പിച്ചിരിക്കുന്നത്. മാരിയപ്പനൊപ്പം മറ്റ് അഞ്ച് അത്‌ലീറ്റുകൾ കൂടി ക്വാറൻ്റീനിലാണ്. ഒളിമ്പിക്സിൽ പങ്കെടുക്കാനായി ഇവർ എത്തിയ വിമാനത്തിൽ കൊവിഡ് ബാധിതനുണ്ടായിരുന്നു. ഇതേ തുടർന്നാണ് താരങ്ങളെ ക്വാറൻ്റീനിലാക്കിയത്.

Post a Comment

0 Comments