ടോക്കിയോ: ടോക്കിയോവിൽ പാരാലിമ്പിക്‌സിന് ഇന്നലെ ദീപം തെളിഞ്ഞു. ഒളിമ്പിക്‌സിന് തൊട്ടു പിന്നാലെ അതേ വേദിയിൽ ദിവ്യാംഗർക്കായി നടക്കുന്ന ലോക കായിക മാമങ്കത്തിനാണ് കായികതാരങ്ങൾ മാറ്റുരയ്‌ക്കുന്നത്.ടോക്കിയോ നാഷണൽ സ്‌റ്റേഡിയത്തിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യക്കായി ഷോട്ട്പുട്ട് താരം തേക് ചന്ദാണ് പതാകയേന്തിയത്. ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേർന്നു.
54 അംഗ സംഘമാണ് ഇന്ത്യക്കായി മാറ്റുരയ്‌ക്കുന്നത്. 5 സ്വർണ്ണമടക്കം 15 മെഡലുകൾ നേടുമെന്നാണ് ഇന്ത്യൻ സംഘത്തിന്റെ പ്രതീക്ഷ. റിയോ ഒളിമ്പിക്‌സിലെ ഹൈജംപ് സ്വർണ്ണമെഡൽ ജേതാവ് മാരിയപ്പൻ തങ്കവേലു കൊറോണ ബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയെന്നതിനാൽ ക്വാറന്റൈനിൽ പോയതോടെയാണ് തേക് ചന്ദിനെ പതാക ഏന്തുന്ന ദൗത്യം ഏൽപ്പിച്ചത്.
2016 റിയോ പാരാലിമ്പിക്‌സിൽ ഇന്ത്യ രണ്ട് സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്. ഇന്ത്യക്കായി ആകെ 19 താരങ്ങളാണ് 5 ഇനങ്ങളിലായി റിയോവിൽ ഇറങ്ങിയത്. ഇത്തവണ എക്കാലത്തേക്കാളും വലിയ സംഘത്തെയാണ് ഇന്ത്യ പാരാലിമ്പിക്‌സിന് അയച്ചിട്ടുള്ളത്.
0 Comments