രഘുനാഥ് കടവന്നൂർ പോർച്ചുഗലിലെ പ്രചാരണത്തിനിടെ (ഇടത്), രഘുനാഥ് കടവന്നൂർ (വലത്)
തൃശൂർ : പോർച്ചുഗലിലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി മലയാളി. തൃശൂർ സ്വദേശിയായ രഘുനാഥ് കടവന്നൂരിനാണ് കമ്യൂണിസ്റ് പാർട്ടി ഓഫ് പോർച്ചുഗലിൻ്റെ സ്ഥാനാർഥിയായി തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടാൻ അവസരം ലഭിച്ചത്. സിഡിയുവിന്റെ ബാനറിലാണ് രഘുനാഥ് ജനവിധി തേടുന്നത്. ഇത് പോർച്ചുഗീസ് കമ്യൂണിസ്റ്റ് പാർട്ടിയും പരിസ്ഥിതി സംരക്ഷണ പാർടിയും (പിഇവി) ചേർന്നുള്ള സംഖ്യമാണ്.
സിഡിയുവിന്റെ പിന്തുണയിൽ പോർച്ചുഗലിൽ ജനവിധി തേടുന്ന ആദ്യ മലയാളിയെന്ന റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇദ്ദേഹം. പോർച്ചുഗലിൽ എത്തിയതിന് ശേഷമല്ല രഘുനാഥ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് നാട്ടിൽ വിദ്യാഭ്യാസ കാലഘട്ടം മുതലെ ഇടത് വിദ്യാർത്ഥി സംഘടനയുടെ ഭാഗമായി രഘുനാഥ് പ്രവർത്തിച്ചിരുന്നു. കണ്ടാണശേരി പഞ്ചായത്തിലെ സിപിഐ(എം) നമ്പഴിക്കാട് നോർത്ത് ബ്രാഞ്ചംഗം, ഡിവൈഎഫ്ഐ മേഖലാ ഭാരവാഹി എന്നീ നിലകളിൽ തൻ്റെ രാഷ്ട്രീയ ഔന്നത്യം അദ്ദേഹം മുന്നേ തെളിയിച്ചതാണ്.
രഘുനാഥ് പോർച്ചുഗലിലെത്തിയിട്ട് പതിനൊന്ന് വർഷം പിന്നിടുന്നു. വന്ന കാലം മുതലെ ഇടത് സംഘടനകളുമായി ശക്തമായ ബന്ധം സ്ഥാപിച്ചിരുന്നു. ഇതാണ് പാർട്ടിയുടെ കൂടുതൽ ചുമതലകളിലേക്ക് രഘുനാഥിനെ കൊണ്ടെത്തിച്ചത്. ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിലെ പബ്ലിക് റിലേഷൻ ഓഫീസറായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രവാസ ജീവിത തുടക്കം. 2011ൽ റസ്റ്റോറന്‍റ് മാനേജറുടെ വേഷത്തിലേക്ക് മാറി.
അതേസമയം, യൂറോപ്പിൽ വിദേശ തൊഴിലാളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് പോന്നത് ഇതിൻ്റെ തുടർച്ചയാവാം രഘുനാഥിൻ്റെ സ്ഥാനാർത്ഥിത്വമെന്നാണ് കരുതുന്നത്. വിദ്യാഭ്യാസം വടക്കാഞ്ചേരി വ്യാസ കോളേജിലിലായിയിരുന്നു. ആദ്യ കാല കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനും മാധ്യമപ്രവർത്തകനുമായിരുന്ന ചന്ദ്രമോഹനന്റെയും രമണിയുടെയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകനാണ് രഘുനാഥ്. ഒരു പക്ഷെ ജയിച്ചാൽ നാളെ പോർച്ചുഗലിലേക്ക് പോകുന്ന ഏതൊരു മലയാളിക്കും അഭിമാനത്തോടെ പറയാം തങ്ങളുടെ കേരളീയ സഹോദരൻ ഇവിടെ ജനപ്രതിനിധിയാണെന്ന്.
0 Comments