പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി, കൊല്ലം ഗവ. വിക്ടോറിയ വനിതാ ആശുപത്രി, തിരുവനന്തപുരം എസ്എടി ആശുപത്രി എന്നിവിടങ്ങളിലാണ് മീരയ്‌ക്ക് കൃത്യമായ പരിശോധനയോ ചികിത്സയോ ലഭിക്കാതെ പോയത്. ഗർഭത്തിന്റെ ആദ്യസമയം മുതൽ രാമറാവുവിലായിരുന്നു ചികിത്സ. വയറുവേദന കാരണം ഈ മാസം 11ന് അവിടെ എത്തിയപ്പോൾ വിക്ടോറിയയിലേക്ക് റഫർ ചെയ്തു.
മീരയും ഭർത്താവും കൂടിയാണ് ആശുപത്രികളിൽ എത്തിയത്. കൂട്ടിരിപ്പിന് സ്ത്രീ ഇല്ല എന്ന കാരണത്താൽ അവിടെ അഡ്മിറ്റ് ചെയ്തില്ല. ഇവിടെ നിന്ന് എസ്എടിയിലേക്ക് റഫർ ചെയ്തു. വേദന അൽപ്പം കുറഞ്ഞപ്പോൾ വീട്ടിലേക്ക് മടങ്ങിയ ദമ്പതികൾ 13ന് എസ്എടിയിലെ അത്യാഹിത വിഭാഗത്തിലെത്തി. അവിടുത്തെ ഡോക്ടർ പരിശോധിക്കുക പോലും ചെയ്തില്ലെന്ന് മീരയും മിഥുനും ആരോപിക്കുന്നു.
അസ്വസ്ഥത കൂടിയതോടെ 15ന് പുലർച്ചെ കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് അനക്കമില്ലെന്ന് കണ്ടത്. കുഞ്ഞിനെ അരമണിക്കൂറിനുള്ളിൽ പ്രസവിച്ചു. മൃതദേഹത്തിന് അഞ്ചോ ആറോ ദിവസത്തെ പഴക്കമുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
0 تعليقات